പ്രായഭേദമന്യേ എല്ലാ പേരെയും ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് നര . നരച്ച മുടി കറുപ്പിക്കാനായി ഇപ്പോൾ ധാരാളം ഹെയർ ഡൈകൾ വിപണിയിൽ ലഭ്യമാണ് .ഇവയിൽ പലതും പലർക്കും അലർജി പോലുള്ള പ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട് . അകാല നര തടയാൻ പ്രകൃതിദത്തമായ പല പരിഹാരങ്ങളുമുണ്ട് . അതിലൊന്നാണ് മൈലാഞ്ചി (ഹെന്ന ) . തലയ്ക്ക് തണുപ്പേകുന്നതോടൊപ്പം താരനെ അകറ്റുകയും  മുടിയുടെ വളർച്ച കൂട്ടുകയും ചെയ്യുന്നു . അതുപോലെ മറ്റൊന്നാണ് കറിവേപ്പില . കറിവേപ്പില അരച്ച് വെളിച്ചെണ്ണയിൽ ചേർത്ത് കാച്ചി തേയ്ക്കുന്നത് അകാലനര തടയാൻ സഹായിക്കുന്നു . കറിവേപ്പില മുടിയുടെ കറുപ്പുനിറം നിലനിർത്താൻ സഹായിക്കുന്നു . മുട്ടയുടെ വെള്ള നല്ലൊരു കണ്ടീഷണർ ആണ് . നാരങ്ങാനീര് താരനകറ്റാൻ സഹായിക്കുന്നു . തൈര് നല്ലൊരു മോയിസ്ചറൈസറാണ് .നമുക്ക് വീട്ടിൽ തന്നെ കിട്ടുന്ന ഇത്തരം  പ്രകൃതിദത്തമായ ചേരുവകൾകൊണ്ട് വളരെയെളുപ്പത്തിൽ ഹെന്ന തയ്യാറാക്കാം മൈലാഞ്ചിയില – മൂന്ന് പിടി , കറിവേപ്പില – രണ്ട്‍ തണ്ട് , പച്ചനെല്ലിക്ക – രണ്ടെണ്ണം , തൈര് – ഒരു ടേബിൾ സ്പൂൺ , മുട്ടയുടെ വെള്ള – ഒരെണ്ണം , നാരങ്ങാനീര് – കാൽ ടീസ്പൂൺ , തേയിലപ്പൊടി – രണ്ട് ടീസ്പൂൺ . തേയിലപ്പൊടി കുറച്ചുവെള്ളത്തിൽ തിളപ്പിച്ച് അരിച്ചെടുക്കുക . നെല്ലിക്ക , കറിവേപ്പില ,മുട്ടയുടെ വെള്ള എന്നിവ ചേർത്ത് നല്ലവണ്ണം പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക .മൈലാഞ്ചി അരച്ചെടുക്കുക . ഇതിലേക്ക് നേരത്തെ അരച്ചുവച്ചിരിക്കുന്ന മിശ്രിതം , തൈര് , കട്ടൻചായ , നാരങ്ങാനീര് എന്നിവ ചേർത്തിളക്കി രണ്ടുമണിക്കൂർ നേരം വയ്ക്കുക . അതിന് ശേഷം ഒരു ഹെന്ന ബ്രഷ് ഉപയോഗിച്ച് തലയോട്ടിയിലും മുടിയുടെ അറ്റം വരെയും തേച്ചു പിടിപ്പിക്കുക . രണ്ടുമുതൽ മൂന്നു മണിക്കൂർ വരെ വച്ചിരുന്നശേഷം തണുത്തവെള്ളത്തിൽ നന്നായി കഴുകിക്കളയുക . പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഈ ഹെന്ന ഉപയോഗിക്കുമ്പോൾ മുടിയിൽ എണ്ണമയം പാടില്ല . ഒരുമാസത്തിൽ രണ്ടുതവണ ഇതുപയോഗിക്കാം .പാർശ്വഫലങ്ങൾ ഇല്ല എന്നുള്ളതു മാത്രമല്ല  മുടി കൊഴിച്ചിലകറ്റാനും മുടി തഴച്ചു വളരാനും ഇത് സഹായകമാണ് .

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.