വിവാദമായ അയോധ്യ ഭൂമിതര്‍ക്ക കേസില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു. ക്ഷേത്രം നിര്‍മിക്കാം, അവകാശം കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന്. മുസ്‌ലിം പള്ളി നിര്‍മിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിന് തര്‍ക്കഭൂമിക്ക് പുറത്ത് അ‍ഞ്ചേക്കര്‍.

 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. രാമക്ഷേത്രം നിര്‍മിക്കുന്നതിനായി തര്‍ക്കത്തിലുള്ള 2.77 ഏക്കര്‍ ഭൂമി ട്രസ്റ്റിന് വിട്ടുനല്‍കണമെന്ന് കോടതി വിധിച്ചു. മൂന്നു മാസത്തിനുള്ളില്‍ ക്ഷേത്രനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം.

 

അതിനോടൊപ്പം സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിർമ്മിക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തി നല്‍കണമെന്നും വിധിയില്‍ പറയുന്നു.  എല്ലാ മതങ്ങളെയും തുല്യതയോടെയാണ് ഭരണഘടന കണക്കാക്കുന്നത്. സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ് രാജ്യത്തിന്റെയും ജനതയുടെയും മതേതര സ്വഭാവം നിലനിര്‍ത്തുന്നത്. തര്‍ക്കഭൂമിയില്‍ അവകാശം തെളിയിക്കാന്‍ സുന്നി വഖഫ് ബോര്‍ഡിനായില്ല.

 

മൂന്നുമാസത്തിനുള്ളിൽ ക്ഷേത്രനിർമ്മാണത്തിന് കേന്ദ്രസർക്കാർ പദ്ധതി തയ്യാറാക്കുന്നതിനോടൊപ്പം ഇതിനായി ഒരു ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് രൂപവത്കരിക്കണം. ട്രസ്റ്റില്‍ നിര്‍മോഹി അഖാഡയ്ക്ക് പ്രാതിനിധ്യം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

 

പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലുകള്‍ തള്ളിക്കളയാനാവില്ലെന്ന് കോടതി. നേരത്തെ ഉണ്ടായിരുന്ന ഒരു നിര്‍മിതിയുടെ മുകളിലാണ് ബാബറി മസ്ജിദ് പണിതതെന്നും കോടതി കണ്ടെത്തി. എന്നാൽ 1949-ല്‍ പള്ളിക്കുള്ളില്‍ വിഗ്രഹങ്ങള്‍ കൊണ്ടുവെച്ച സംഭവവും 1992-ല്‍ ബാബറി മസ്ജിദ് തകര്‍ത്തതും നിയമവിരുദ്ധമായിരുന്നു.

 

വിധിവന്നശേഷം രാജ്യമെങ്ങും അതീവ ജാഗ്രതയിലാണ്. വിധി എന്തുതന്നെയാണെങ്കിലും സൗഹാർദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രിയും  സംയമനത്തോടെയുള്ള പ്രതികരണങ്ങളെ കേരളത്തിലുണ്ടാകാവുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആഹ്വാനം ചെയ്തിട്ടുണ്ട്.

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.