കഠിനാധ്വാനവും അര്‍പ്പണബോധവും കൈമുതലാക്കി അഭിഭാഷകരംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ മലയാളിയാണ് അഡ്വ. കുര്യാക്കോസ് വര്‍ഗ്ഗീസ്. ദില്ലി യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമ ബിരുദവും ലണ്ടന്‍ സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ അദ്ദേഹം ദേശീയ തലത്തിലെ മുന്‍നിര നിയമ സ്ഥാപനമായ കെ.എം.എന്‍.പി ലോയുടെ മാനേജിംഗ് പാര്‍ട്ണറാണ്. ആത്മാര്‍പ്പണത്തോടെ തൊഴിലിനെ സമീപിക്കുന്ന അഡ്വ. കുര്യാക്കോസ് വര്‍ഗ്ഗീസിന്റെ അഭിമുഖം വായിക്കാം…
വെല്ലുവിളികള്‍ നിറഞ്ഞ അഭിഭാഷകവൃത്തിയിലേക്ക് പ്രവേശിച്ചത് എങ്ങനെയാണ്? എന്തായിരുന്നു പ്രചോദനം?

വാസ്തവത്തില്‍ അഭിഭാഷകജോലി എന്നെ തിരഞ്ഞെടുത്തുവെന്ന് വേണം പറയാന്‍. ഇതിന് ഒരു സംഭവപരമ്പര തന്നെ കാരണമായി. 1999ല്‍ ചരിത്രവിഷയത്തില്‍ ബിഎ എടുത്തതിന് ശേഷം എന്‍ഡിടിവിയില്‍ ചേര്‍ന്നാലോ എന്നൊരു ആലോചനയുണ്ടായിരുന്നു. എന്‍ഡിടിവി ചാനലിന്റെ ‘ക്വസ്റ്റ്യന്‍ ടൈം ഇന്ത്യ’ എന്ന പരിപാടിയില്‍ ഞാന്‍ നേരത്തെ പങ്കെടുത്തിരുന്നു. അവരുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടീമിലും ഞാന്‍ ഉണ്ടായിരുന്നു. അന്ന് ഇലക്ട്രോണിക് മാധ്യമം അതിന്റെ ശൈശവ കാലഘട്ടത്തിലായിരുന്നു. നിറയെ അവസരങ്ങള്‍ തുറന്നുകിടക്കുകയായിരുന്നു. ഈ സമയത്താണ് ദില്ലി യൂണിവേഴ്സിറ്റിയിലെ ത്രിവത്സര എല്‍എല്‍ബി കോഴ്സിനുള്ള അപേക്ഷാഫോം പൂരിപ്പിച്ചുകൊടുത്തത്. അതിന്റെ പ്രവേശന പരീക്ഷ പാസ്സായി. അന്ന് ദില്ലി യൂണിവേഴ്സിറ്റിയിലെ നിയമഅധ്യാപകര്‍ മികച്ച അഭിഭാഷകരായിരുന്നു. ഭരണഘടനാ വിദഗ്ധനും എഴുത്തുകാരനുമായ എം.പി. സിംഗ്, ബിബി പാണ്ഡെ (ക്രിമിനല്‍ ലോ), കമല ശങ്കരന്‍ (അഡ്മിനിസ്ട്രേറ്റീവ് ലോ) മൂല്‍ചന്ദ് ശര്‍മ്മ (ഇന്റര്‍നാഷണല്‍ കംപറേറ്റീവ് ലോ) എന്നിവരായിരുന്നു അധ്യാപകര്‍. പ്രൊഫ. എന്‍.ആര്‍. മാധവമേനോനും ഉപേന്ദ്ര ബക്ഷിയുമൊക്കെയാണ് ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ നിയമം പഠിപ്പിച്ചിരുന്നത്. അത് ബൗദ്ധികമായി വിസ്ഫോടനങ്ങള്‍ നിറഞ്ഞ കാലമായിരുന്നു. മികച്ച നിയമവിദഗ്ധരുടെ സ്ഥിരം ലക്ചറുകള്‍ പതിവായിരുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ അവിതര്‍ക്കിതമായ പ്രബന്ധങ്ങള്‍ രചിച്ച ഗ്രാന്‍വില്ലെ ഓസ്റ്റിന്‍ എന്ന നിയമപണ്ഡിതന്റെ തൊട്ടടുത്തിരിക്കാന്‍ കഴിഞ്ഞത് ഇന്നും പച്ചപിടിച്ച ഓര്‍മ്മകളാണ്. രാജീവ് ധവാന്‍ എന്ന സീനയര്‍ അഭിഭാഷകന്റെ കൂടെ പരിശീലനം നേടാന്‍ കഴിഞ്ഞതും മികച്ച അനുഭവമായിരുന്നു. പഠനശേഷം ദില്ലി ഹൈക്കോടതിയിലെ സെന്‍ട്രല്‍ ഗവണ്മെന്റ് സ്റ്റാന്റിംഗ് കൗണ്‍സില്‍ ചേംബറില്‍ ചേര്‍ന്നു. ഒരു പ്രൊഫഷണല്‍ ഡിഗ്രി വേണമെന്നതായിരുന്നു എന്റെ പ്രചോദനം. പക്ഷെ ഇപ്പോള്‍ 15-16 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിഞ്ഞുനോക്കുമ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ നേടിയതായി തോന്നുന്നു.

വ്യക്തിത്വത്തിലും കരിയറിലും സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ സ്വാധീനം?

വാസ്തവത്തില്‍ കലയുമായി ബന്ധപ്പെട്ട പഠനം തുടരണമെന്ന് മോഹമുണ്ടായിരുന്നതിനാല്‍ ലോധി റോഡിലുള്ള എയര്‍ ഫോഴ്സ് ബാല്‍ ഭാരതി സ്‌കൂളിലാണ് ഞാന്‍ പ്ലസ് പഠനത്തിന് ചേര്‍ന്നത്. പക്ഷെ കേരളത്തില്‍ 1994ല്‍ ലിബറല്‍ ആര്‍ട്ട് വിഷയത്തിലോ ഹ്യുമാനിറ്റീസിലോ ബിരുദം നല്‍കുന്ന കോളെജുകള്‍ അധികം ഇല്ലായിരുന്നു. അതിനാല്‍ ഞാന്‍ ദില്ലിയില്‍ തന്നെ തുടര്‍ന്നു. അക്കാലത്താണ് ഇന്ത്യ ഉദാരവല്‍ക്കരണ നടപടികളിലൂടെ കടന്നുപോകുന്നത്. ഞങ്ങളുടെ സ്‌കൂളിലെ ടോപ്പര്‍മാരില്‍ ഒരാളായതിനാല്‍ സെന്റ് സ്റ്റീഫന്‍സില്‍ പ്രവേശനം ലഭിച്ചു. കര്‍ക്കശക്കാരനായ പ്രിന്‍സിപ്പില്‍ ഡോ. അനില്‍ വില്‍സണ്‍, പ്രൊഫ. താനിക സര്‍ക്കാര്‍, പ്രൊഫ. വാഞ്ചൂ എന്നിവരായിരുന്നു ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നതിനാല്‍ മികച്ച അനുഭവമായിരുന്നു. ഫൊട്ടോഗ്രാഫിക് സൊസൈറ്റി മുതല്‍ നൂറുവര്‍ഷം പഴക്കമുള്ള സോഷ്യല്‍ സര്‍വ്വീസ് ലീഗ് വരെ കോളെജില്‍ ഉണ്ടായിരുന്നു. കര്‍ശനമായ അക്കാദമിക സിലബസിന് പുറത്തും കഴിവ് തെളിയിക്കാന്‍ കുട്ടികള്‍ക്ക് നന്നായി പരിശ്രമിക്കേണ്ടിവന്നിരുന്നു. പ്രൊഫ. ബേക്കറും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ മകള്‍ പ്രൊഫ. ഉപീന്ദര്‍ സിംഗും ഞങ്ങളുടെ അധ്യാപകരായിരുന്നു. ലാളിത്യം കൊണ്ടും ആത്മാര്‍ത്ഥതകൊണ്ടും അവര്‍ ഞങ്ങളെ അതിശയിപ്പിച്ചു. എന്റെ മൂന്നാം വര്‍ഷം ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റായി. എനിക്ക് തൊട്ടുമുമ്പ് പ്രസിഡന്റായത് ശശി തരൂരായിരുന്നു. മികച്ച കൂട്ടുകാര്‍, അധ്യാപകര്‍ എന്നിവയ്ക്ക് ഞാന്‍ എന്റെ കലാലയത്തോട് കടപ്പെട്ടിരിക്കുന്നു. അത് ഒരു സുദീര്‍ഘയാത്രയായിരുന്നു.

ലണ്ടനില്‍ നിന്നുള്ള എല്‍എല്‍എം ഡിഗ്രി ഉപകാരപ്രദമായിരുന്നോ?
തീര്‍ച്ചയായും. ലണ്ടന്‍ സര്‍വ്വകലാശാലയിലെ സിലബസ്, നിയമത്തെ വിശകലനം ചെയ്തുപഠിക്കുന്ന തരത്തിലുള്ളതായിരുന്നു. 150ഓളം വിഷയങ്ങള്‍ തിരഞ്ഞെടുക്കാനുണ്ട്. ഓരോ വിഷയത്തിലും ആഴത്തില്‍ പഠനം നടത്തണം. പ്രൊഫ. മച്ലിന്‍സ്‌കി എന്ന വിഖ്യാതനായ നിയമവിദഗ്ധന്‍ എനിക്ക് അധ്യാപകനായി വന്നു. എമര്‍ജിംഗ് ഇക്കോണമിയിലെ നേരിട്ടുള്ള വിദേശനിക്ഷേപമായിരുന്നു എന്റെ വിഷയം. പ്രൊഫ. ജോര്‍ജ്ജ് വാക്കറും പ്രൊഫ. മരിയ ലോസയുമായിരുന്നു അധ്യാപകര്‍. ബഹുരാഷ്ട്ര സ്ഥാപനങ്ങളും നിയമവും എന്ന വിഷയവും പഠിക്കാനുണ്ടായിരുന്നു. അവിടെവച്ചാണ് ഞാന്‍ എന്റെ ജീവിത സഖിയെ കണ്ടുമുട്ടുന്നത്.

കെഎംഎന്‍പി ലോ – സ്ഥാപനത്തിന്റെ നടത്തിക്കൊണ്ടുപോകല്‍ എത്രത്തോളം പ്രയാസകരമാണ്?
2013ലാണ് കെഎംഎന്‍പി ലോ നിലവില്‍ വരുന്നത്. ഞാന്‍ അവിടെ കൃഷ്ണന്‍ വേണുഗോപാലിന്റെ ചേംബറിലെ ജൂനിയറായിരുന്നു. ഹാവാര്‍ഡിലെ വിദ്യാര്‍ത്തിയായിരുന്നു അദ്ദേഹം. ഒരു കരട് തയ്യാറാക്കി നല്‍കുമ്പോള്‍ വിരാമം, കോമ, അര്‍ധവിരാമം എന്നി ചിഹ്നങ്ങള്‍ കൃത്യമായി ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. രാവിലെ 9.30 മുതല്‍ രണ്ട് മണിവരെയായിരുന്നു പ്രവര്‍ത്തന സമയം. ഇന്ത്യന്‍ സര്‍ക്കാരിന് വേണ്ടി ജനീവയില്‍ വാദിച്ചത് ഞങ്ങളാണ്. ചില കാര്യങ്ങളില്‍ കെ.കെ. വേണുഗോപാല്‍ സാറും ഞങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് ഒരു വലിയ അനുഭവമായിരുന്നു. കെ.കെ. വേണുഗോപാല്‍ സാറില്‍ നിന്നും ലഭിച്ച വിഷുക്കൈനീട്ടം വലിയ ഓര്‍മ്മയാണ്. നമ്മുടെ സാംസ്‌കാരിക വേരുകള്‍ കേരളത്തിന് പുറത്ത് അനുഭവിക്കുന്നത് അസാധ്യ അനുഭവമാണ്. കെ.കെ. വേണുഗോപാല്‍, കൃഷ്ണന്‍ വേണുഗോപാല്‍ എന്നിവരുടെ ചേംബറില്‍ നിന്നാണ് കെ.എംഎന്‍പി ലോ പിറക്കുന്നത്. ഞാനും അബിര്‍ ഫുക്കനും കൃഷ്ണന്‍ വേണുഗോപാലിന്റെ ചേംബറില്‍ നിന്നുള്ളവരാണെങ്കില്‍, അഡ്വ. വി. ശ്യാം മോഹന്‍ കെ.കെ. വേണുഗോപാലിന്റെ ചേംബറില്‍ നിന്നാണ്. ദില്ലിയിലെ ജെഎന്‍യുവില്‍ നിന്നും ഡോക്ടറേറ്റ് നേടിയ ഡോ. മാത്യു കുഴല്‍നാടനാണ് മറ്റൊരു സ്ഥാപകന്‍. കുര്യാക്കോസ് വര്‍ഗ്ഗീസ് ആന്റ് അസോസിയേറ്റ്സ് എന്ന പേരില്‍ 2010ല്‍ സ്ഥാപനം ആരംഭിക്കുമ്പോള്‍ സഫ്ദര്‍ജംഗ് എന്‍ക്ലേവില്‍ രണ്ട് ഓഫീസുണ്ടായിരുന്നു. 2017ല്‍ പുതിയ ഒരു ഓഫീസ് കൂടി തുറന്നു. ബാരിസ്റ്റര്‍ നിതിന്‍ അഹ്ലുവാലിയ ഒരു കോര്‍പറേറ്റ് ലോ പങ്കാളിയായിരുന്നു. ഹോംങ്കോംഗിലും മറ്റും ലോ പരിശീലനത്തിനുള്ള അംഗീകാരം അദ്ദേഹം നേടിയിരുന്നു. യുകെയിലെ കാര്‍ഡിഫ് സര്‍വ്വകലാശാലയില്‍ നിന്നാണ് നിയമബിരുദം നേടിയത്. രേണു ഗോപാലകൃഷ്ണനാണ് ഞങ്ങളുടെ ബാംഗ്ലൂര്‍ ഓഫീസില്‍ കേര്‍പറേറ്റ് ലോ കൈകാര്യം ചെയ്തത്. ദില്ലി സര്‍വ്വകലാശാലയില്‍ നിന്നും നിയമബിരുദം നേടിയ രേണു സ്റ്റീഫന്‍സ് കോളേജില്‍ പഠിച്ചിട്ടുണ്ട്. സിംഗപ്പൂരിലെ അസോസിയേറ്റ് ഓഫീസില്‍ നിരു പിള്ളയാണ്. സിംഗപ്പൂര്‍, മലേഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ ലോ പ്രാക്ടീസിന് അംഗീകാരമുള്ള വ്യക്തിയാണ് നിരു പിള്ള.

അന്താരാഷ്ട്ര വിമാനക്കമ്പനികളും മൈനിംഗ് കമ്പനികളും ഞങ്ങളുടെ കക്ഷികളായിരുന്നു. ഇന്ത്യയില്‍ വലിയ ഒരു സ്റ്റീല്‍ കമ്പനി, ഒരു അന്താരാഷ്ട്ര ഹോട്ടല്‍ ശൃംഖല, ലോകത്തിലെ തന്നെ സമ്പന്നമായ ഒരു ക്ഷേത്രം, ഇന്ത്യയിലെ ഒരു വലിയ ആത്മീയ പ്രസ്ഥാനം എന്നിവര്‍ ഞങ്ങളുടെ കക്ഷികളാണ്. കല്‍ക്കരി കുംഭകോണക്കേസ്, ജിഎം ക്രോപ്സ് കേസ്, കടുവ സംരക്ഷണം തുടങ്ങിയ ഒട്ടേറേ കെസുകളില്‍ ഞങ്ങള്‍ സുപ്രിം കോടതിയുമായി സഹകരിച്ചിട്ടുണ്ട്. വാണിജ്യ വകുപ്പിന്റെ എംപാനലില്‍ അംഗമാണ്. വാഷിംഗ്ടണിലെ ഒരു വായ്പാ സ്ഥാപനത്തിന് വേണ്ടി ഞങ്ങള്‍ നിയമഗവേഷണം നടത്തി. മാനേജിംഗ് പാര്‍ട്ണര്‍ എന്ന നിലയില്‍ പലപ്പോഴും വെല്ലുവിളിയുയര്‍ത്തുന്നതായിരുന്നു സ്ഥാപനത്തിന്റെ നടത്തിപ്പ്. ഇനിയും ദേശീയ തലത്തില്‍ സാന്നിധ്യമുള്ള ഒരു നിയമസ്ഥാപനമാകാനാണ് ശ്രമം.

adv-1024x682

ഇന്ത്യയുടെ നിയമചരിത്രത്തില്‍ ആദ്യമായി നാല് സുപ്രീംകോടതി ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആശങ്ക അറിയിച്ചു. ഇന്ത്യയുടെ നിയമസംവിധാനത്തില്‍ പരിഷ്‌കാരം വേണമെന്ന അഭിപ്രായമുണ്ടോ? താങ്കള്‍ നിര്‍ദേശിക്കുന്ന ഒരു പ്രധാന മാറ്റം എന്തായിരിക്കും?

സുപ്രീംകോടതി ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ പറയുന്നത് ഉചിതമാണെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ ജനാധിപത്യം അതിന്റെ ഏറ്റവും മോശമായ സമയങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണെന്നതില്‍ സംശയമില്ല. സനാതനധര്‍മ്മത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഇന്ത്യയുടെ സംസ്‌കാരം. ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം തന്നെ ഇതിനെക്കുറിച്ചാണ് പറയുന്നത്. നമ്മുടെ ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണ് ഇന്ത്യന്‍ നീതിന്യായവ്യവസ്ഥ. ഇന്ത്യയില്‍ ഇത്രയ്ക്കധികം മതിപ്പുള്ള മറ്റൊരു സ്ഥാപനമുണ്ടെന്ന് തോന്നുന്നില്ല. ഇന്ത്യന്‍ ജുഡീഷ്യറി കൂടുതല്‍ യോഗ്യതയുള്ളയാളുകളെ നിയമിക്കേണ്ടതുണ്ട്. ഇപ്പോഴും പദവികള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഒരു ജഡ്ജി കേള്‍ക്കേണ്ടിവരുന്നതും വിധിപറയേണ്ടിവരുന്നതുമായ കേസുകള്‍ നിരവധിയാണ്. രാത്രിയിലും വിശ്രമിക്കാതെ പണിയെടുക്കുന്ന എത്രയോ ജഡ്ജിമാര്‍ ഉണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ വൈകാരികതയുള്ള കേസുകള്‍ക്ക് മാത്രമാണ് ശ്രദ്ധ കിട്ടുന്നത്. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന പുതിയൊരു പരിഷ്‌കാരം ടെക്നോളജിയും നിയമവും കൂടിയുള്ള സംയോഗമാണ്. നിയമ ഗവേഷണത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുള്ള സ്ഥാനം കൂടി വരുന്നു. ജഡ്ജികളില്‍ നിന്നും വ്യത്യസ്തമായി ജുഡീഷ്യല്‍ നടത്തിപ്പിനായി ഒരു മാനേജ്മെന്റ് സംവിധാനം തന്നെ കൊണ്ടുവരണം. സിഇഒകള്‍ കോടതി നടത്തിപ്പില്‍ എത്തിയാല്‍ ജഡ്ജിമാര്‍ക്ക് നിയമത്തിന്റെ ഭാവി വികസനത്തെക്കുറിച്ചും മാറ്റങ്ങളെക്കുറിച്ചും കൂടുതല്‍ സമയമെടുത്ത് പഠിക്കാന്‍ കഴിയും.

ആസിയാന്‍ രാഷ്ട്രങ്ങള്‍ ഒരു ശക്തമായ യൂണിയനായി മാറുന്നുണ്ടോ?
പലവിധത്തിലുള്ള ചട്ടക്കൂടുകളും വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്. ബാങ്കോക്കില്‍ ഈയിടെ ആസിയാന്‍ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. ആസിയാന്‍ ഇനിയും വേണ്ടത്ര രീതിയില്‍ ഉപയോഗപ്പെടുത്തപ്പെടാത്ത ഒരു സംഘടനയാണ്. ഉഭയകക്ഷി കരാറും ഉഭയകക്ഷി നിക്ഷേപക്കരാറും എന്നിവയാണ് ഇപ്പോഴത്തെ പ്രവണത. സിംഗപ്പൂര്‍ ആസിയാന്റെ ഭാഗമാണെങ്കിലും സിംഗപ്പൂരുമായുള്ള നമ്മുടെ വ്യാപാരം വളരെയധികം വളര്‍ന്നിട്ടുണ്ട്. അത് ഉഭയകക്ഷി ബന്ധത്തിന് ഉദാഹരണമാണ്. വ്യോമയാന മേഖലയില്‍ സിംഗപ്പൂരും മലേഷ്യയുമാണ് ഒരു പൊതുവിപണി പൂര്‍ണ്ണമായും പങ്കിടാന്‍ കഴിയുന്നവര്‍.

ഇന്ത്യ ഉദാരവല്‍ക്കരണ നയങ്ങളുമായി മുന്നോട്ട്പോകേണ്ടതുണ്ടോ?

മന്‍മോഹന്‍സിംഗ് 1991ല്‍ ഉദാരവല്‍ക്കരണ നയം പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ ഗോള്‍ഡ് സ്പോട്ട് കുടിച്ചുകൊണ്ടിരുന്ന വ്യക്തിയാണ്. അന്ന് പെപ്സിയോ കൊക്കകോളയോ ഇല്ല. കിട്ടാവുന്ന രണ്ട് കാറുകള്‍ അംബാസഡറും ഫിയറ്റും മാത്രം. എറണാകുളം നഗരത്തില്‍ നിന്നും തൃപ്പൂണിത്തുറയിലേക്ക് ട്രങ്ക് കാള്‍ ബുക്ക് ചെയ്തുവേണം വിളിക്കാന്‍. എന്റെ തലമുറ ധാരാളം മാറ്റങ്ങള്‍ക്ക് ദൃക്സാക്ഷിയായി. ഒരു നാണയത്തിന് രണ്ട് വശങ്ങള്‍ ഉണ്ടെന്നതില്‍ സംശയമില്ല. ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ മാനുഷിക മുഖം നിലനിര്‍ത്തേണ്ടതുണ്ട്. പ്രത്യേകിച്ചും 65 ശതമാനത്തില്‍ അധികം പേര്‍ കാര്‍ഷികമേഖലയില്‍ ജോലി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. ദില്ലി പോലുള്ള നഗരങ്ങളില്‍ ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം കൂടിക്കൊണ്ടിരിക്കുകയാണ്.

ലോക വ്യാപാരസംഘടനയുടെ നിയമങ്ങള്‍ എന്തൊക്കെയാണ്. അതില്‍ മാറ്റങ്ങള്‍ വരേണ്ടതുണ്ടോ?

ദോഹ റൗണ്ട് ചര്‍ച്ച തുടങ്ങിയതുമുതല്‍ സ്തംഭനമാണ്. കാരണം ഇന്ത്യയുടെ കാര്‍ഷികമേഖല വാണിജ്യാടിസ്ഥാനത്തിലുള്ളതല്ല, ഉപജീവനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. രാജ്യങ്ങള്‍ പരസ്പരം സ്വതന്ത്ര വ്യാപാരക്കരാറില്‍ ഏര്‍പ്പെടണമെന്നതാണ് ലോക വ്യാപാര സംഘടനയുടെ നിര്‍ദേശം. കാര്‍ബണ്‍ ഇല്ലാത്ത ഒരു പരിതിസ്ഥിതി സൃഷ്ടിച്ചെടുക്കാന്‍ വേണ്ടിയുള്ള കാലാവസ്ഥാമാറ്റത്തിനാണ് ലോകവ്യാപാര സംഘടന ശ്രമിക്കുന്നത്.

നിയമം ഒരു കരിയറായി എടുക്കാന്‍ ഉദ്ദേശിക്കുന്ന ഭാവി തലമുറയോട് എന്താണ് പറയാനുള്ളത്?

നിയമം എന്നത് എല്ലാ അര്‍ത്ഥത്തിലും മികച്ച ഒരു പ്രൊഫഷനാണ്. നിങ്ങള്‍ക്ക് ആഴത്തിലുള്ള ആത്മീയ തൃപ്തി നല്‍കുന്ന പ്രൊഫഷനാണ്. പക്ഷെ ദീര്‍ഘമായ നേരം ആത്മാര്‍ത്ഥമായും മനസ്സുവിടാതെയും പ്രവര്‍ത്തിക്കാന്‍ കഴിയണം. സാധാരണ ആളുകളുടെ മനസ്സിലുള്ള നിമയത്തെക്കുറിച്ചുള്ള ചിത്രവും യഥാര്‍ത്ഥ നിയമ പ്രാക്ടീസും തമ്മില്‍ അന്തരമുണ്ട്. നിയമം ഒരു സിദ്ധാന്തം എന്ന നിലയ്ക്കും പ്രാക്ടീസ് ചെയ്യുന്ന വിഷയം എന്ന നിലയ്ക്കും നല്ല അന്തരമുണ്ട്. ഒരാള്‍ നല്ല ടീച്ചറെ കണ്ടെത്തണം. നിങ്ങള്‍ ഈ പ്രൊഫഷന് വേണ്ടി എത്രത്തോളം പ്രയത്നിക്കുന്നുവോ അതിനനുസരിച്ച് നിങ്ങള്‍ക്ക് തിരിച്ച് കിട്ടും.

കുടുംബം?
ഭാര്യ സുനിത കൗര്‍ ചിമ സിംഗപ്പൂരില്‍ ക്രെഡിറ്റ് സൂയിസില്‍ കോര്‍പറേറ്റ് അഭിഭാഷകയാണ്. കൈറ കുര്യാക്കോസ് വൈഷ്യാന്‍, എസ്ര കുര്യാക്കോസ് വൈഷ്യാന്‍ എന്നിവരാണ് മക്കള്‍. അച്ഛന്‍ വി.കെ വര്‍ഗ്ഗീസ് കേരളത്തിലെ പ്രശസ്ത കാറ്ററിംഗ് കമ്പനിയായ വീ കെ വീസിന്റെ സ്ഥാപകനാണ്. അമ്മ സുശീല റവന്യൂ വകുപ്പില്‍ നിന്നും റിട്ടയര്‍ ചെയ്ത ഉദ്യോഗസ്ഥയാണ്. എനിക്ക് രണ്ട് സഹോദരങ്ങളുണ്ട്- ചാക്കോ (ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ ബിസിനസ് സ്‌കൂളില്‍ സ്റ്റേണ്‍) പിന്നെ യുഎന്‍ ഏഷ്യാപസഫിക് കമ്മീഷനില്‍ ജോലി ചെയ്യുന്ന ഇളയ സഹോദരനും. അവന്‍ ഇപ്പോള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഫുള്‍ സ്‌കോളര്‍ഷിപ്പില്‍ ജോലി ചെയ്യുന്നു.

Leave a Reply

Your email address will not be published.