‘ ചേട്ടന്‍ സൂപ്പറാ ‘ എന്ന് പറഞ്ഞ് ജിംസി കീഴടക്കിയത് മഹേഷിന്റെ ഹൃദയം മാത്രമല്ല, മലയാളികളുടെ മനസ്സ് കൂടിയായിരുന്നു. അപര്‍ണ ബാലമുരളി എന്ന അഭിനേത്രിയെ പരിചയപ്പെടുത്താന്‍ മഹേഷിന്റെ പ്രതികാരം എന്ന ഒരു സിനിമ മാത്രം മതി .. അവിടുന്നിങ്ങോട്ട് മലയാളത്തിലും തമിഴിലുമായി ഒരുപിടി നല്ല ചിത്രങ്ങള്‍…. പുതിയ വിശേഷങ്ങളെപറ്റി അപര്‍ണ യുണീക് ടൈംസിനോട് മനസ്സു തുറക്കുന്നു….
അപര്‍ണയെ തേടിയെത്തിയവയില്‍ ഏറെയും ബോള്‍ഡായ കഥാപാത്രങ്ങളാണ്. അതുപോലെ ജീവിതത്തിലും വളരെ ബോള്‍ഡായ വ്യക്തിയാണോ ?

സിനിമയിലെ കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് ഞാന്‍. ബോള്‍ഡാണോ എന്ന് ചോദിച്ചാല്‍ ചെയ്ത കഥാപാത്രങ്ങളുടെ അത്രയും സ്‌ട്രോങ് അല്ല. എന്നാല്‍ ഒത്തിരി ഷൈയും അല്ല. സാഹചര്യങ്ങള്‍ക്കനുസരിച്ച് പിടിച്ചു നില്‍ക്കാനും പെരുമാറാനും കഴിയുന്ന ഒരാളാണ് ഞാന്‍. സണ്‍ഡേ ഹോളിഡേ, ത്രിശ്ശിവപേരൂര്‍ ക്ലിപ്തം എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ വളരെ ബോള്‍ഡാണ്. എന്നാല്‍ അവരില്‍ നിന്ന് ഞാനെന്ന വ്യക്തിയിലേക്ക് ഏറെ ദൂരമുണ്ട്.

Aparna_Balamurali_20160321080303മഹേഷിന്റെ പ്രതികാരമാണ് അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. ഫഹദിന്റെ നായികയായുള്ള അനുഭവം ?

വളരെ സിംപിളായ ഒരു ചിത്രമാണ് മഹേഷിന്റെ പ്രതികാരം. സിനിമ പ്രേക്ഷകശ്രദ്ധ നേടുമെന്ന് അറിയാമായിരുന്നെങ്കിലും ഇത്രത്തോളം അംഗീകാരങ്ങള്‍ ലഭിക്കുമെന്ന് കരുതിയില്ല. ഫഹദിക്കയുടെ നായികയായി അഭിനയിക്കണം എന്ന് പറഞ്ഞപ്പോള്‍ ആദ്യം ടെന്‍ഷനുണ്ടായിരുന്നു. വളരെ കംഫര്‍ട്ട് ആയിരുന്നു വര്‍ക്ക് ചെയ്യാന്‍. അദ്ദേഹത്തിന് ഇപ്പോള്‍ മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡും ലഭിച്ചു. ഫഹദിക്കയെ പോലൊരു നടന് മുന്‍പേ കിട്ടേണ്ട ഒരു പുരസ്‌കാരമായിരുന്നു അത്. ദിലീഷേട്ടന്റെ കാര്യമായാലും ചെയ്ത രണ്ട് സിനിമകളും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ടു.

ആസിഫ് അലിക്കും അനിയന്‍ അഷ്‌ക്കറിനുമൊപ്പം അഭിനയിക്കാനുള്ള അവസരം അപര്‍ണക്ക് ലഭിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് ?
അഷ്‌ക്കറുമായി എനിക്ക് നേരത്തെ തന്നെ നല്ല സൗഹൃദമുണ്ട്. അവര്‍ രണ്ടുപേരും എന്റെ നല്ല സുഹൃത്തുക്കളാണ്. അതുകൊണ്ട് തന്നെ അവരുടെ കൂടെ അഭിനയിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് വലിയ സപ്പോര്‍ട്ടും സ്‌ക്രീന്‍ സ്‌പേ്‌സും കൊടുക്കാന്‍ രണ്ടുപേരും ശ്രദ്ധിക്കാറുണ്ട്. അഷ്‌കറിനൊപ്പമുള്ള കാമുകി എന്ന സിനിമയുടെ സെറ്റ് തന്നെ വളരെ രസകരമായിരുന്നു. ശങ്കര കോളേജില്‍ ചിത്രീകരിച്ച ഓരോ സീനും ഞങ്ങള്‍ ഏറെ ആസ്വദിച്ച് ചെയ്തവയാണ്.

അഭിനേത്രി എന്നതിലുപരി നര്‍ത്തകിയും ഗായികയും കൂടിയാണ് അപര്‍ണ. ഇവയിലേത് കൈകാര്യം ചെയ്യുന്നതാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍ ?

ഡാന്‍സ്, പാട്ട്, അഭിനയം… മൂന്നും എനിക്ക് ഒരുപോലെ പ്രിയപ്പെട്ടവയാണ്. കുട്ടിക്കാലം തൊട്ടേ ചെറുപ്പംതൊട്ടേ പാട്ടും ഡാന്‍സും ഞാന്‍ പരിശീലിച്ചു വരുന്നതാണ്. അഭിനയമാണെങ്കില്‍ ഇന്ന് എന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഒരു സിനിമ ഏറ്റെടുത്താല്‍ ഷൂട്ടിന്റെ ആദ്യ ദിവസം എനിക്ക് പേടിയാണ്. സെറ്റുമായി പൊരുത്തപ്പെടുമ്പോള്‍ ആ പേടിയും ഇല്ലാതാവും. അമ്മയും അച്ഛനുമൊക്കെ സംഗീതജ്ഞരായതിനാല്‍ പാട്ട് പാടാന്‍ എനിക്ക് കുറച്ച് പേടിയുണ്ട്. പാടുന്നത് കൃത്യമായിരിക്കണം എന്ന കാര്യത്തില്‍ അവര്‍ക്ക് ഏറെ നിര്‍ബന്ധമുണ്ട്. പാട്ടിനേയും നൃത്തത്തേയും അഭിനയത്തേയും ഏറെ ഗൗരവത്തോടെ തന്നെയാണ് ഞാന്‍ സമീപിക്കുന്നത്.

സിനിമകള്‍ സ്വയം തിരഞ്ഞെടുക്കുന്നതാണോ ?

തീര്‍ച്ചയായും. സിനിമകളെല്ലാം തിരഞ്ഞെടുക്കുന്നത് ഞാന്‍ തന്നെയാണ്. നായികാവേഷം തന്നെ ചെയ്യണം എന്ന നിര്‍ബന്ധമൊന്നും എനിക്കില്ല. നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. നല്ല സിനിമകളുടെ ഭാഗമാകണം. ഇതുവരെ ചെയ്ത വേഷങ്ങളൊക്കെ അത്തരത്തിലുള്ളവയായിരുന്നു. എന്നെ തേടിയെത്തിയിട്ടുള്ള ഓരോ കഥാപാത്രവും വ്യത്യസ്തമായിരുന്നു.

വെല്ലുവിളി നിറഞ്ഞ കഥാപാത്രം ?

എല്ലാ കഥാപാത്രങ്ങളേയും ഏറെ പ്രാധാന്യത്തോടെയാണ് ഞാന്‍ സമീപിക്കാറുള്ളത്. ആ വേഷം മനോഹരമാക്കാന്‍ പരമാവധി ശ്രമിക്കാറുമുണ്ട്. ഇതുവരെ ചെയ്തവയില്‍ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ത്രിശ്ശിവപേരൂര്‍ ക്ലിപ്തത്തിലേതായിരിക്കും. ഓട്ടോ ഡ്രൈവറായ ഭഗീരഥിയായി മാറാന്‍ ഓട്ടോ ഓടിക്കാന്‍ പഠിച്ചു. അത് തന്നെയായിരുന്നു വെല്ലുവിളിയും. എന്നേക്കാള്‍ ഒരുപാട് പക്വതയുള്ള കഥാപാത്രമായിരുന്നു ഭഗീരഥി. കുറേ പേര്‍ ആ വേഷം എനിക്ക് ചേരുന്നില്ലെന്ന് പറഞ്ഞിരുന്നു. ക്യാരക്ടറിനായി എന്റെ ബെസ്റ്റ് കൊടുക്കുക. എത്രത്തോളം നന്നായി അവതരിപ്പിക്കാന്‍ കഴിയുമോ അത്രത്തോളം മനോഹരമാക്കുക. ഇതാണ് എന്റെ പോളിസി.

APRNAബി-ടെക്ക്, കാമുകി… അപര്‍ണയുടെ രണ്ട് ചിത്രങ്ങളാണല്ലോ തീയറ്ററുകളില്‍ ?

ബാംഗ്ലൂര്‍ പശ്ചാത്തലമാക്കി ഒരുക്കിയ സിനിമയാണ് ബി-ടെക്ക്. ഒന്നോ രണ്ടോ വ്യക്തികളുടെ കഥയല്ല ചിത്രം പറയുന്നത്. ഒരു ഗ്രൂപ്പിന്റെ സിനിമയാണിത്. കോളേജ് ലൈഫ്, സൗഹൃദം, ആക്ഷന്‍ ഇവയെല്ലാം സിനിമയില്‍ അനുഭവിച്ചറിയാം. ആസിഫിക്കയുടെ കൂടെയുള്ള എന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. ഇതിഹാസയുടെ സംവിധായകന്‍ എസ്. ബിനുവിന്റെ ചിത്രമാണ് കാമുകി. ക്യാമ്പസ് ലൈഫ് പശ്ചാത്തലമാക്കി ഒരുക്കിയ കാമുകിയില്‍ അച്ചാമ്മ എന്ന ബോള്‍ഡ് ക്യാരക്ടറായാണ് ഞാന്‍ വേഷമിടുന്നത്.
ഡ്രീം റോള്‍ ?

അങ്ങനെയൊന്നുമില്ല. ഇപ്പോള്‍ എന്നെ തേടി നല്ല കഥാപാത്രങ്ങള്‍ എത്തുന്നുണ്ട്. എങ്കിലും ഡ്രീം എന്ന് ചേദിച്ചാല്‍ ഒരു ബയോപിക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് എന്താണ് പറയാനുള്ളത് ?

കാസ്റ്റിംഗ് കൗച്ച് എനിക്ക് ഇതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല. സിനിമ സെറ്റും ഷൂട്ടുമെല്ലാം എന്‍ജോയ് ചെയ്ത് വര്‍ക്ക് ചെയ്യുന്ന ഒരാളാണ് ഞാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്നൊരു കാസ്റ്റിംഗ്് കൗച്ചിനെ പറ്റി ഇപ്പോള്‍ പറയുന്നതില്‍ കാര്യമില്ല. അനുഭവം ഉണ്ടായവര്‍ അപ്പോള്‍ തന്നെ തുറന്നു പറയണം. എന്നെ സംബന്ധിച്ചിടത്തോളം വളരെയധികം സുരക്ഷിതമായി തോന്നിയ മേഖലയാണ് സിനിമ.

കുടുംബം ?

അച്ഛന്‍ ബാലമുരളി സംഗീതജ്ഞനാണ്. ദാസേട്ടന്റെ തരംഗിണി എന്ന ഡിവോഷണല്‍ ആല്‍ബം ഉള്‍പ്പെടെയുള്ളവ സംഗീത സംവിധാനം ചെയ്തത് അച്ഛനായിരുന്നു. മാത്രമല്ല, വാദ്യോപകരണങ്ങള്‍ വായിക്കുകയും ചെയ്യും. അച്ഛന്‍ പൂര്‍ണമായും സംഗീതരംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. അമ്മ ശോഭ അഡ്വക്കെറ്റാണ്. മാത്രമല്ല, പ്രൊഫഷണല്‍ സിംഗര്‍ കൂടിയാണ്. സംഗീത കുടുംബമാണെന്ന് പറയുന്നതിലും തെറ്റില്ല.

Leave a Reply

Your email address will not be published.