ഒന്നുമില്ലായ്മയില്‍ നിന്ന് തന്റെ വലിയ സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ഈ പ്രതിഭാധനനായ ബിസിനസുകാരന്റെ വിജയകഥയാണ് ഇത്തവണ യുണീക് ടൈംസ് പങ്കുവെക്കുന്നത്. കഷ്ടപ്പാടിന്റെ കറ വീണ യൗവ്വനത്തില്‍ നിന്നും പരിശുദ്ധവെണ്മയുടെ വിജയവീഥിയിലേക്ക് നടന്നുകയറിയ ബിസിനസ്മാന്. വെറും 5,000 രൂപയില്‍ നിന്ന് ആരംഭിച്ച് 2000 കോടിയുടെ വമ്പന്‍ ബിസിനസ് സാമ്രാജ്യം സൃഷ്ടിച്ചെടുത്ത മനുഷ്യന്. അദ്ദേഹം തന്റെ ദൈവീകമായ ഭാഗ്യത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിവരിക്കാന്‍ ഇഷ്ടപ്പെടുന്നു; ‘ഉജാല’. നിരവധി പരീക്ഷണങ്ങളെയും വെല്ലുവിളികളെയും നേരിട്ടുകൊണ്ടാണ് ജ്യോതി ലാബോറട്ടറീസ് ഉടമ എം.പി രാമചന്ദ്രന് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തത്.
തുടക്കവും യാത്രയും
ജീവിതത്തിന്റെ വിവിധ മേച്ചില്‍പ്പുറങ്ങളിലൂടെ അലഞ്ഞ ശേഷം 12 വര്‍ഷത്തോളം ഒരു മരുന്ന് നിര്‍മ്മാണക്കമ്പനിയില്‍ രാമചന്ദ്രന് ജോലി ചെയ്തു. പക്ഷെ ചില ആഭ്യന്തരപ്രശ്നങ്ങള്‍ കാരണം കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. അതോടെ അദ്ദേഹം ഒരു ഉറച്ച തീരുമാനം എടുത്തു. ഇനിയൊരു ജോലിക്ക് വേണ്ടി അലയില്ലെന്നും പകരം സ്വന്തമായി ഒരു ഉല്പന്നം വിപണിയിലിറക്കുമെന്നുമുള്ള ആ തീരുമാനമാണ് ഉജാലയുടെ പിറവിക്ക് കാരണമായത്. 1983ല്‍ ജന്മമെടുക്കുന്നതുവരെ വെള്ളത്തുണികള്‍ക്ക് തിളക്കം കിട്ടാന്‍ നീലം മുക്കുന്ന പതിവ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഈ നീലം പലപ്പോഴും ഏറിയും കുറഞ്ഞും വെള്ളവസ്ത്രങ്ങളില്‍ പറ്റിപ്പിടിക്കുന്നത് വീട്ടമ്മമാര്‍ക്ക് എന്നും തലവേദനയായിരുന്നു. അപ്പോഴാണ് ഏറ്റിറക്കമില്ലാതെ വെള്ളത്തുണികള്‍ക്ക് ഒരേ തൂവെള്ള നിറം സമ്മാനിക്കുന്ന ഉജാല വിപണിയിലേക്ക് രംഗപ്രവേശം നടത്തുന്നത്. ഇതിന്റെ പിറവിക്ക് പിന്നില്‍ ഒന്നരവര്‍ഷത്തെ കഠിനമായ ഗവേഷണ-നിരീക്ഷണങ്ങളുണ്ട്. മുണ്ടുകളില്‍ ഒട്ടിപ്പിടിക്കാതെ വെണ്മപകരുന്ന ഈ ഉല്പന്നം വീട്ടമ്മമാര്‍ക്ക് ആശ്വാസമായി മാറി. ഉജാലയ്ക്ക് മാര്‍ക്കറ്റില്‍ യാതൊരു വെല്ലുവിളികളും ഉണ്ടായിരുന്നില്ല. കമ്പനിയ്ക്ക് മകളുടെ പേരാണ് നല്കിയതെങ്കില്, വെട്ടിത്തിളങ്ങുന്ന വെണ്മ നല്കുന്ന ഉല്പന്നത്തിന് ഉജാല എന്ന പേരാണ് എം.പി രാമചന്ദ്രന് നല്‍കിയത്.
ആദ്യവളര്ച്ചയും വിപുലപ്പെടുത്തലും
മുംബൈയിലായിരുന്നു ഉജാല ആദ്യം പരീക്ഷിച്ചത്. സര്‍വ്വേയുടെ ഭാഗമായി 1500 കുപ്പി ഉല്പന്നം വിതരണം ചെയ്തു. ഉജാലയുടെ കുപ്പിയും രാമചന്ദ്രന് തന്നെയാണ് രൂപകല്പന ചെയ്തത്. വലിയ പ്രോത്സാഹനമായിരുന്നു ഉപയോഗിച്ചവര്‍ നല്‍കിയത്. പിന്നീട് വീടുവീടാന്തരം വില്‍ക്കാനുള്ള ആളുകളെ നിയമിച്ചു. എങ്ങനെ വീടുകളില്‍ സംസാരിക്കണം, എങ്ങനെ വില്‍ക്കണം, ഏത് റൂട്ടുകളില്‍ പോകണം എന്നിങ്ങനെ എല്ലാം വില്പനയ്ക്കായി പോകുന്നവരെ പഠിപ്പിച്ച അദ്ദേഹം ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതികരണങ്ങളും പരിശോധിച്ചു.
‘ഒരു വില്പനക്കാരന് ഒരിക്കലും ദേഷ്യപ്പെടരുത്, പകരം ഉപഭോക്താക്കളുടെ മുന്നില്‍ പ്രസന്നമായ മുഖത്തോടെ നില്‍ക്കണം.’ – അതായിരുന്നു അദ്ദേഹത്തിന്റെ നയം. അധികം വൈകാതെ കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ കണ്ടാണശ്ശേരിയില്‍ ഒരു ഫാക്ടറി സ്ഥാപിച്ചു. ഉപയോഗിച്ചവര്‍ തമ്മില്‍ തമ്മില്‍ പറയുന്ന പ്രചാരണത്തിലാണ് രാമചന്ദ്രന് കൂടുതല്‍ വിശ്വാസമര്‍പ്പിച്ചത്. 1986ല്‍ ഒരു വാന്‍ വാങ്ങിച്ചു. മെല്ലെ വാരികകളിലും പത്രങ്ങളിലും പരസ്യവും നല്കാന് തുടങ്ങി. ഈ പരസ്യങ്ങള്‍ക്കുള്ള ചിത്രം വരച്ചതും അദ്ദേഹം തന്നെയാണ് ഉല്പന്നത്തിന് ലഭിച്ചത്. ഇപ്പോള്‍ ഉജാലയ്ക്ക് സ്വന്തമായി പരസ്യത്തിനും ബ്രാന്റിംഗിനും ഒരു ശാഖതന്നെ പ്രവര്‍ത്തിക്കുന്നു. പ്രതീക്ഷിച്ചതിലും ആവശ്യക്കാരായിരുന്നു ഉല്പന്നത്തിന്. പരസ്യം ക്ലിക്കായതോടെ കൂടുതല്‍ പേര് ഉജാല ഉപയോഗിക്കാന്‍ തുടങ്ങി. വീടുവീടാന്തരം കയറിയിറങ്ങി വില്പന നടത്തിയിരുന്ന അഞ്ച് സ്ത്രീകളില്‍ നിന്നാണ് കേരളത്തില്‍ ഉജാലയുടെ ജൈത്രയാത്ര ആരംഭിച്ചത്. തുടര്‍ന്ന് ഉജാല കടകളില്‍ സ്വീകരിക്കപ്പെട്ടു. പിന്നീട് ഇങ്ങോട്ട് വിപണി കീഴടക്കി ഉജാല ചരിത്രം സൃഷ്ടിക്കുകയായിരുന്നു.
അടുത്ത പേജില്‍ തുടരുന്നു
തൃശൂരില്‍ ഉല്പാദനയൂണിറ്റ് മാത്രമാണ് ഉജാലക്ക് ഉണ്ടായിരുന്നത്. ഇതിന് വേണ്ട അസംസ്കൃത വിഭവങ്ങളും കുപ്പിയും മുംബൈയില്‍ നിന്നായിരുന്നു എത്തിച്ചത്. ഉല്പന്നത്തിന്റെ രാസഫോര്‍മുല മുംബൈയില്‍ നിന്ന് കേരളത്തിലെ ഫാക്ടറിയില്‍ കൊണ്ടുവന്ന് നേര്‍പ്പിച്ചെടുക്കല്‍ മാത്രമാണ് നടന്നത്. അതിനാല്‍ ഉല്പന്നത്തിന്റെ ഫോര്‍മുല രഹസ്യമായിത്തന്നെ ഇരുന്നു. നിലവിലുള്ള നീലം ബ്ലൂവിനെതിരെ വന്ന ഒരു ഉല്പന്നമായിരുന്നില്ല ഉജാല. വിപണിയില്‍ തന്റെ ഉല്പന്നത്തിലൂടെ പുതിയൊരു മേഖല തന്നെ സൃഷ്ടിക്കുകയായിരുന്നു എം.പി രാമചന്ദ്രന്. തുണികളുടെ പരിശുദ്ധ വെണ്മയ്ക്ക് ഉജാല എന്ന ഉല്പന്നം നിലകൊള്ളുകയായിരുന്നു.
വടക്കന്‍കേരളത്തില്‍ ഉജാലയുടെ പകര്‍പ്പുകള്‍ ഇറങ്ങിയത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തി. അവിടെ ഒരു വണ്ടി കൊണ്ടു മാത്രം വിതരണം സുഗമമായി നടന്നില്ല. എല്ലാ കടകളിലും ഉല്പന്നങ്ങളെത്താന് ദിവസങ്ങളെടുത്തു. കോഴിക്കോട് മുതല്‍ കണ്ണൂര്‍ വരെ ഒട്ടേറെ അപരന്മാര് ഉജാല എന്ന പേരില്‍ ഇറങ്ങുകയും പണം കൊയ്യുകയും ചെയ്തു. ഉജാലയുടെ പരസ്യം ഈ ഉല്പന്നങ്ങളുടെ വില്പനയെ തുണച്ചു. പക്ഷെ ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ ഉല്പന്നങ്ങള് എവിടെയും എത്തിയില്ല. അന്ന് ഉജാലയുടെ വില 3.25 രൂപ ആയിരുന്നെങ്കില്‍, വ്യാജന് ഉജാലയുടെ വില ആറ് രൂപയായിരുന്നു. ജനങ്ങള്‍ക്കിടയിലെ ഉജാലയുടെ മതിപ്പിന്റെ ദൃഷ്ടാന്തമാണ് ഈ വ്യാജന്മാരുടെ വിജയം. പിന്നീട് പൊലീസ് ഈ ഉല്പന്നങ്ങള് ലോഡ് കണക്കിന് പിടിച്ചെടുത്തു പൂട്ടിച്ചതോടെ വ്യാജന്മാരുടെ വെല്ലുവിളി അവസാനിച്ചു. ക്രമേണ ഇത്തരം ഉല്പന്നങ്ങളെല്ലാം അപ്രത്യക്ഷമായി. റേഡിയോ പരസ്യം ആരംഭിച്ചപ്പോഴാണ് ഉജാല കൂടുതല്‍ ജനശ്രദ്ധ പിടിച്ചുപറ്റിയത്. ഇപ്പോള്‍ ജ്യോതി ലബോറട്ടറീസില്‍ നിന്നും കൂടുതല്‍ ഉല്പന്നങ്ങള് വരുന്നു എന്ന് മാത്രമല്ല, അവ എളുപ്പം വിപണി കീഴടക്കുകയും ചെയ്യുന്നു. ഇന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കും പാശ്ചാത്യ രാജ്യങ്ങളിലേക്കും ഉല്പന്നങ്ങള് കയറ്റുമതി ചെയ്യുന്നു. ഒരു ഫാക്ടറി ബംഗ്ലാദേശിലും പ്രവര്‍ത്തിക്കുന്നു.
പുതിയ ഉല്പന്നങ്ങളും വികസനവും
2011ല്‍ ജ്യോതി ലാബോറട്ടറീസ്, ഹെങ്കല്‍ ഇന്ത്യ എന്ന കമ്പനിയെ വിലയ്ക്ക് വാങ്ങി. അവരുടെ ഉല്പന്നങ്ങളായ പ്രില്‍, മാര്‍ഗോ, മി. വൈറ്റ്, ഹെങ്കോ എന്നിവ ജ്യോതി ലാബോറട്ടറീസിന്റെ ഉല്പന്നങ്ങളായി. ഇതോടെ ജ്യോതി കൂടുതല്‍ വേഗത്തില്‍ വളര്‍ന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള ആര്യവേപ്പിനെ അടിസ്ഥാനമാക്കിയുള്ള മാര്‍ഗോ എന്ന സോപ്പുല്പന്നത്തിന് അടുത്ത വര്‍ഷം 100 വയസ്സ് തികയുകയാണ്. ഇപ്പോഴും മായമില്ലാതെ, മനുഷ്യന്റെ കൈകള്‍ സ്പര്‍ശിക്കാതെ, ഈ സോപ്പ് പുറത്തിറങ്ങുന്നു. എക്സോ, ടി-ഷൈന്‍, മായാ അഗര്‍ബത്തീസ്, മാക്സോ, നീം ടൂത്ത്പേസ്റ്റ്, ഫാ പെര്‍ഫ്യൂംസ് എന്നിവയാണ് ജ്യോതിയുടെ പുതിയ ഉല്പന്നങ്ങള്. വാഷിംഗ് മെഷിനുകളുടെ യാന്ത്രിക അലക്കുകാരണം ലിന്റ് ഇളകിപ്പോരുന്നത് തടയുന്ന ലിന്റലിജന്റ് എന്ന പുതിയ ടെക്നിക്കിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ജനങ്ങള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയില്‍ സേവനം നല്കാന് എന്തുചെയ്യണം എന്ന കാര്യമാണ് ജ്യോതി ലബോറട്ടറീസ് ഉറ്റുനോക്കുന്നത്. വളരെ വേഗതയില്‍ വിപണി കീഴടക്കാന്‍ സാധ്യതയുണ്ടെങ്കിലും സാവധാനം വിപണി പിടിക്കുക എന്ന തന്ത്രമാണ് രാമചന്ദ്രന് സ്വീകരിക്കുന്നത്. അതുപോലെ മനുഷ്യന് ഹാനികരമല്ലാത്ത ഉല്പന്നങ്ങള് നിര്‍മ്മിക്കണമെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധബുദ്ധിയുണ്ട്. ‘ ടോയ്ലറ്റില് ഉപയോഗിക്കുന്ന ആസിഡ് ടൈല്സിന്റെയോ ക്ലോസറ്റിന്റെയോ ഉപരിതലത്തില്‍ കേടുവരുത്തുന്നുവെങ്കില്, അത് നിങ്ങളുടെ കൈകളിലും കേടുപാട് വരുത്തില്ലേ? അത് ശ്വസിക്കുന്നത് നിങ്ങളുടെ മൂക്കിനേയും കണ്ണുകളെയും കേടുവരുത്തില്ലേ?’ രാമചന്ദ്രന് ചോദിക്കുന്നു. അങ്ങിനെയൊരു ചിന്തയില്‍ നിന്നുണ്ടായ ഏറ്റവും പുതിയ ഉല്പന്നമാണ് ടി-ഷൈന്‍. ഓര്‍ഗാനിക് രാസവസ്തുക്കള്‍, അതല്ലെങ്കില്‍ ആന്റി-ബാക്ടീരിയില്‍ സക്രബ്ബര് കൊണ്ടാണ് ഈ ഉല്പന്നം സൃഷ്ടിച്ചിരിക്കുന്നത്. വാങ്ങി ഉപയോഗിക്കുന്നവര്‍ക്ക് ശല്ല്യം ചെയ്യാത്ത ഉല്പന്നങ്ങളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
ജീവകാരുണ്യസ്പര്ശം
പുതിയ വ്യവസായസംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ് സ്രഷ്ടാക്കള്‍ക്കും രാമചന്ദ്രന് നല്കാന് ഒരു ഉപദേശമുണ്ട്: ‘ ഒരു നേതാവ് സത്യസന്ധനായ മനുഷ്യനായിരിക്കണം. ഒരു സത്യസന്ധനായ ബിസിനസ്സുകാരന് ചെയ്യുന്ന കാര്യങ്ങള്‍ സമൂഹത്തിനുള്ള സേവനമായിരിക്കണം. സേവനം നല്കാത്തതൊന്നും നിലനില്‍ക്കില്ല. ‘
നാടന്‍ ഉള്‍ഗ്രാമങ്ങളില്‍ ഫാക്ടറി സ്ഥാപിക്കുമ്പോള്‍ അവിടെയുള്ളവര്‍ക്ക് ജോലി നല്‍കാനാണ് ശ്രമിക്കുന്നത്. സാധാരണക്കാര്‍ക്ക് ആവശ്യമായ പരിശീലനം നല്കി അവരെ തൊഴിലില്‍ വൈദഗ്ധ്യം ഉള്ളവരാക്കുന്നു.
അവര്‍ക്ക് ആവശ്യമായ ചികിത്സാസഹായവും കുട്ടികള്‍ക്ക് വിദ്യാഭ്യാസവും എത്തിക്കുന്നു. കമ്പനിയുടെ വളര്‍ച്ചയില്‍ കഠിനപരിശ്രവുമായി എം.പി. രാമചന്ദ്രനും ഭാര്യയ്ക്കുമൊപ്പം മക്കളായ ജ്യോതിയും ദീപ്തിയും എപ്പോഴും കൂടെയുണ്ട്.
– ‘ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ദാഹമുണ്ടായിരിക്കണം. ഒരോ ദിവസവും പുതിയ കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കണം. പണം കൈകാര്യം ചെയ്യുമ്പോള്‍ അങ്ങേയറ്റം ശ്രദ്ധ വേണം. ബിസിനസിലൂടെ കൈകളില്‍ എത്തുന്ന പണം നിങ്ങള്‍ക്കിഷ്ടം പോലെ ചെലവഴിക്കാനുള്ളതല്ലെന്ന് മനസ്സിലാക്കണം. ലാഭത്തില്‍ നിന്ന് ഒരു പങ്ക് മാത്രമെടുക്കണം. ബാക്കിയെല്ലാം വീണ്ടും നിക്ഷേപിക്കണം. ഒരിക്കലും ഉപേക്ഷിക്കരുത്. ഒരിക്കലും ആര്ത്തിയുള്ളവരായിരിക്കരുത്. വിജയിക്കാനുള്ള കടുത്ത ദൃഢനിശ്ചയം കാത്തുസൂക്ഷിക്കണം. രാജ്യത്തെ പൗരനെന്ന നിലയ്ക്ക് തിരിച്ച് സമൂഹത്തിനും എന്തെങ്കിലും കൊടുക്കാന്‍ ഉത്തരവാദിത്വം കാണിക്കണം. വ്യവസായസംരംഭകന് റിട്ടയര്‍മെന്റ് എന്നൊന്നില്ല. അതാണ് ഏറ്റവും വലിയ മെച്ചം’. നിരവധി ആശയങ്ങളും പുത്തന്‍ അവസരങ്ങളുമുള്ള പുതുലോകത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ അദ്ദേഹം പുതുതലമുറയോട് ആവശ്യപ്പെടുന്നു. അനുഭവസമ്പത്തിന്റെ നിധിശേഖരവുമായി അദ്ദേഹം പകരുന്ന പ്രചോദനത്തിന്റെ വെളിച്ചം പുതിയ സംരംഭകര്‍ക്ക് ഊര്‍ജ്ജം പകരട്ടെയെന്ന് ആശംസിക്കാം..
Leave a Reply