ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ വിവിധയിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. മരിച്ചവരിൽ വിദേശികളും ഉൾപ്പെടുന്നു. അഞ്ഞൂറിൽ കൂടുതൽ പേർക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളികളും ഹോട്ടലുകളും ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളിലാണ് സ്ഫോടനമുണ്ടായത്. മരണസംഖ്യ ഇനിയും കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ടവരില്‍ ആറ് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. കാസര്‍കോട് സ്വദേശിനിയായ റസീന ഖാദര്‍, ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. ഞായറാഴ്ച രാവിലെ 8.45 ഓടെയായിരുന്നു സംഭവം. ശ്രീലങ്ക സ്ഫോടനത്തില്‍ കര്‍ണാടകയിലെ ഏഴ് ജെഡിഎസ് നേതാക്കളെ കാണാതായി. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് സ്ഥിരീകരിച്ചു.

സ്ഫോടനങ്ങള്‍ നടത്താന്‍ സഹായിച്ചെന്ന് കരുതുന്ന 24 പേരെ കസ്റ്റഡിയിലെടുത്തു. പിടിയിലായവരുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അക്രമം നടത്തിയവര്‍ക്ക് രാജ്യാന്തരബന്ധമുണ്ടോയെന്ന് പരിശോധിക്കുന്നതായി അധികൃതര്‍ പത്രസമ്മേളനത്തിൽ അറിയിച്ചു.

കൊളംബോയിലെ സെന്റ് ആന്റണീസ് പള്ളി, നെഗോംബോയിലെ സെന്റ് സെബാസ്റ്റ്യന്‍സ്‌ പള്ളി, ബട്ടിക്കലോവയിലെ സെന്റ് മിഖായേല്‍ പള്ളി എന്നിവിടങ്ങളിലും. ആഡംബര ഹോട്ടലുകളായ ഷാന്‍ഗ്രി ലാ, സിനമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി, ദേഹിവെലെയിലെ ഒരു ഹോട്ടലിലും തേമെട്ടകൊടെ ജില്ലയിലെ ഒരുഗോഡെവട്ടയിലുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് ഈസ്റ്റര്‍ ദിനത്തിലുണ്ടായത്. എട്ടു സ്‌ഫോടനങ്ങളില്‍ രണ്ടെണ്ണം നടത്തിയത് ചാവേറുകളാണെന്നാണ് സൂചന.

അതിനിടെ പ്രസിഡന്‍റ് മൈത്രിപാല സിരിസേന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗം വിളിച്ചു. സ്ഫോടനത്തെത്തുടര്‍ന്ന് രാജ്യത്ത് വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ശ്രീലങ്കയിൽ സോഷ്യൽ മീഡിയകൾ, ഇന്റർനെറ്റ് സേവനങ്ങൾ എന്നിവ താല്‍ക്കാലികമായി നിരോധിച്ചു.

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.