സാമ്പത്തികവളർച്ച കൂട്ടാൻ ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രബജറ്റിൽ സാമ്പത്തിക ഉത്തേജകപദ്ധതിക്ക് പകരം വായ്പാപാത സ്വീകരിക്കുകയാണ്. ഈ നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് അവർ നിരവധി നിർണ്ണായക നയമാറ്റങ്ങൾനിർദേശിച്ചിട്ടുണ്ട്. ഇതിന്റെ കാതൽ സ്ഥാപനങ്ങളിലൂടെയുള്ള വായ്പ വർധിപ്പിക്കലാണ്. ഇന്ത്യയുടെ സാമ്പത്തിക സംവിധാനത്തിൽ എൻബിഎഫ്‌സികൾ വഹിക്കുന്ന പങ്ക് ധനമന്ത്രി അംഗീകരിക്കുന്നതോടൊപ്പംതന്നെ എൻബിഎഫ്‌സികൾക്കും ബാങ്കുകൾക്കും ഒരേ കളിക്കളം ഒരുക്കാനും മന്ത്രി ശ്രമിക്കുന്നു. ഈയിടെ റിസർവ്വ് ബാങ്കും എൻബിഎഫ്‌സികൾക്ക് മെച്ചപ്പെട്ട  നിയന്ത്രണം  കൊണ്ടുവരാൻ സമ്മർദ്ദം ചെലുത്തുന്നുണ്ട്. ഒപ്പം എൻബിഎഫ്‌സികൾക്ക് ബാങ്കുകളുടെ തുല്ല്യത നൽകുന്നതിനെക്കുറിച്ച് പരിഗണിക്കാനും റിസർവ്വ് ബാങ്ക് ശ്രമിക്കുന്നു. കാരണം ഈ രണ്ട് സ്ഥാപനങ്ങളുടെയും അടിസ്ഥാന ബിസിനസ് വായ്പ നൽകൽ ആണെന്ന  കണക്കുകൂട്ടലാണ് റിസർവ്വ് ബാങ്കിനുള്ളത്.

 

റിസർവ്വ് ബാങ്ക് നീക്കം അഭിനന്ദനാർഹമാണെങ്കിലും, ഇൻകം ടാക്‌സ് ഡിപ്പാർട്‌മെന്റ് ബാങ്കുകളെയും എൻബിഎഫ്‌സികളെയും രണ്ട് കാഴ്ചപ്പാടിലൂടെ നോക്കിക്കാണാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട്, എൻബിഎഫ്‌സികളിൽ ബാധ്യതയുള്ള അക്കൗണ്ടുകളുടെ പലിശയിന്മേൽ ഇൻകം ടാക്‌സ് വകുപ്പ് 43 ഡി പ്രകാരം നികുതി ഈടാക്കാനുള്ള ശ്രമം ബാങ്കുകളുമായി തുല്യതയിലെത്തിക്കാനുള്ള നിർണ്ണായക ചുവടുവെപ്പാണ്.  കൃത്യവിലോപം നടത്തുന്ന  ഡിആർടികളിലേക്കും  സർഫേസിയിലേക്കും സർക്കാർ ബാങ്കുകൾക്കെന്ന പോലെ എൻബിഎഫ്‌സികൾക്കും പ്രവേശനം നൽകേണ്ടതുണ്ട്.  ധനപരമായി നല്ല നിലയിൽ പ്രവർത്തിക്കുന്ന എൻബിഎഫ്‌സികളിൽ നിന്നും  പതിനായിരം കോടി വരെയുള്ള നിക്ഷേപം വാങ്ങിയതുമൂലമുള്ള ആദ്യനഷ്ടത്തിന്റെ 10 ശതമാനം വരെ ക്രെഡിറ്റ് ഗ്യാരണ്ടി നൽകാനും ധനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ഇത് തീർച്ചയായും ഈയിടെ വൻതോതിൽ വീഴ്ചവരുത്തിയ ചില വൻകിട എൻബിഎഫ്‌സികൾ വിപണിയിൽ ഉണ്ടാക്കിയ ചീത്തപ്പേര് ഇല്ലാതാക്കാൻ സഹായിക്കും. പാട്ടീക് ഇഷ്യുവിലൂടെ ഫണ്ട് ശേഖരിക്കാൻ എൻബിഎഫ്‌സികളെ അനുവദിച്ചുകൊണ്ടുള്ള തീരുമാനവും എൻബിഎഫ്‌സികൾക്ക് ഉത്തേജനം നൽകും. ഭാവിയിൽ പാട്ടീക്  ഇഷ്യു റൂട്ടിലൂടെ കൂടുതൽ ഫണ്ട് കണ്ടെത്താൻ എൻബിഎഫ്‌സികൾക്ക്  സാധിക്കും.

എന്നാൽ ഇപ്പോഴും നയരൂപീകരണവിദഗ്ധർ വായ്പാചെലവിലാണ് ശ്രദ്ധ ചെലുത്തുന്നത്. അല്ലാതെ വായ്പ ലഭ്യമാക്കേണ്ടതിന്റെ ആശങ്ക അവർക്കില്ല. ചെറുകിട വായ്പാദാതാക്കളായ സംരംഭകർക്ക് വായ്പാചെലവിനെക്കുറിച്ച് ആശങ്കയില്ല. പകരം സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയുടെ ലഭ്യതയെക്കുറിച്ചാണ് അവർക്ക് ആശങ്കയുള്ളത്. അതുകൊണ്ടാണ്, ഓരോ സെൽഫ് ഹെൽപ് ഗ്രൂപ്പിൽ നിന്നും  (എസ്എച്ച്ജി) ഒരു സ്ത്രീയ്‌ക്കെങ്കിലും ഒരു ലക്ഷം രൂപ മുദ്രാ ലോൺ  നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന്  പറയുന്നത്. പക്ഷെ ഇനിയും ധാരാളം കാര്യങ്ങൾ ഇക്കാര്യത്തിൽ ചെയ്യാനുണ്ട്. പ്രത്യേകിച്ചും എൻബിഎഫ്‌സികളെ കൂടുതൽ സ്വതന്ത്രമാക്കേണ്ടതുണ്ട്. അതുവഴിയാണ് രാജ്യത്തിന്റെ സമ്പദ്ഘടനയുടെ വായ്പാആവശ്യങ്ങൾ പരിഹരിക്കുന്ന  പ്രവർത്തനങ്ങളിൽ എൻബിഎഫ്‌സികൾക്ക് പൂർണ്ണമായും മുഴുകാൻ സാധിക്കൂ.

 

ചെറുകിട-ഇടത്തരം കമ്പനികൾക്കുള്ള വായ്പാ ലഭ്യതയെക്കുറിച്ച് പഠിച്ച നിരവധി സമിതികൾ ഏകസ്വരത്തിൽ പറയുന്നത് അണ്ടർറൈറ്റിംഗാണ് വായ്പ നൽകുന്നതിന്  മുന്നിലെ ഏക വെല്ലുവിളിയെന്നാണ്. പരമ്പരാഗതമായി അണ്ടർറൈറ്റിംഗ് പ്രക്രിയ ടെംപ്ലേറ്റ് അടിസ്ഥാനത്തിലായതിനാൽ, വായ്പയെടുക്കുന്നവർക്ക് അവരുടെ വായ്പാഅർഹത തെളിയിക്കുന്നതിനുള്ള രേഖകൾ കൈവശം ഉണ്ടാകില്ല. ഇത്തരം കൂട്ടർക്ക് സ്ഥാപനങ്ങൾ വായ്പ നൽകാൻ മടിക്കും.

 

വായ്പാദാതാക്കളായ സ്ഥാപനങ്ങൾക്ക് സുരക്ഷയൊരുക്കാൻ വേണ്ടി തയ്യാറാക്കിയ പ്രക്രിയ ഇപ്പോൾ വായ്പാവിതരണത്തിന് തന്നെ  വിലങ്ങുതടിയാവുകയാണ്. ഒരു ചെറുകിട കടയുടമയ്ക്ക് ഇതിനാൽ വായ്പയ്ക്ക് അർഹതയുണ്ടെങ്കിലും അതിനാവശ്യമായ രേഖകൾ ഹാജരാക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ അവർക്ക് ഉയർന്ന  പലിശനിരക്കിൽ പോലും വായ്പ ലഭിക്കാൻ സാധ്യതയില്ല. അതേ സമയം, സ്വർണ്ണപണയകമ്പനികൾ ഇത്തരം ആളുകൾക്ക് വായ്പനൽകുന്നത് അവരുടെ കുടുംബആഭരണങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനാൽ ഇത്തരം സ്ഥാപനങ്ങൾ ഉടനെ ഇത്തരം കടക്കാർക്കുള്ള വായ്പാ അണ്ടർറൈറ്റിംഗ് സംവിധാനം അടിയന്തരമായി പുതുക്കേണ്ടതുണ്ട്.

എന്നാൽ, സ്വർണ്ണവിലയുടെ 75 ശതമാനം മാത്രമേ വായ്പാ നൽകാവൂ എന്ന  രീതിയിലുള്ള നിയന്ത്രണം സ്വർണ്ണവായപാകമ്പനികളുടെ കൈകൾ പിന്നിൽ  ബന്ധിക്കുന്നതിന് തുല്യമാണ്. ഇത് എൻബിഎഫ്‌സികൾക്ക് പുതിയൊരു ക്രെഡിറ്റ് അണ്ടർറൈറ്റിംഗ് സംവിധാനമുണ്ടാക്കുന്നതിന് വിഘാതമായി നിലകൊള്ളുന്നു. കാരണം സ്വർണ്ണപണയവായ്പ നൽകുന്ന എൻബിഎഫ്‌സികൾക്ക് സെക്യൂരിറ്റി  തുകയേക്കാൾ കുറഞ്ഞ തുക മാത്രമേ വായ്പയായി നൽകാൻ സാധിക്കൂ. ഒരു സുരക്ഷിതസമീപനമെന്ന  നിലയിൽ, അനുയോജ്യമായ മുൻകരുതലെടുക്കുതോടൊപ്പം, ആർബി ഐ ഗോൾഡ്‌ലോൺ  കമ്പനികൾക്ക് ക്രെഡിറ്റ് റിസ്‌കെടുക്കാനുള്ള കഴിവ് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ഒരു കസ്റ്റമർക്ക് എൽടിവിയുടെ 100 ശതമാനവും വായ്പ ലഭിക്കുന്നുവെന്ന്  കരുതുക. അയാൾ തിരിച്ചടവ് വീഴ്ച വരുത്തുന്ന  പക്ഷം വായ്പാദാതാവിന് താൻ മുൻകൂറായി നൽകിയ വായ്പാതുകയുടെ 25 ശതമാനമെങ്കിലും നഷ്ടമാകും. അതിനാൽ വായ്പാദാതാക്കൾ വായ്പനൽകുന്നതിനുള്ള റിസ്‌കെടുക്കുതിന്റെ ഭാഗമായി അധികമായി നൽകേണ്ട തുക മാറ്റിവെക്കേണ്ടതുണ്ട്.

 

ചെറുകിട കടക്കാരെ കൊള്ളപ്പലിശക്കാരിൽ നിന്നും  രക്ഷിച്ച് സ്ഥാപനങ്ങളുടെ വായ്പാശൃംഖലയിലേക്ക് എത്തിക്കേണ്ടതുണ്ട്. ഇതിനായി പുതിയൊരു വായ്പാ അണ്ടർറൈറ്റിംഗ് രീതികൾ തയ്യാറാക്കേണ്ടതുണ്ട്. എല്ലാവരേയും ഉൾച്ചേർക്കുതകുന്ന  ഒരു സ്മ്പദ് വ്യവസ്ഥ സൃഷ്ടിക്കാൻ നയകർത്താക്കൾക്ക് ഒരു അവസരം ലഭ്യമായിരിക്കുകയാണ്. അതിന് വായ്പാ അണ്ടർറൈറ്റിംഗിൽ പുതുമകൾ കൊണ്ടുവരേണ്ടതുണ്ട്. ക്രെഡിറ്റ് അണ്ടർറൈറ്റിംഗ് സംവിധാനം മെച്ചപ്പെടുത്താൻ ഇതിൽ പങ്കാളികളാകുന്ന  എല്ലാവരേയും പ്രോത്സാഹിപ്പിക്കാം. അതുവഴി സ്ഥാപനങ്ങൾ വഴിയുള്ള വായ്പകൾ ഇന്ത്യയിലെ ചെറുകിട സംരംഭകർക്ക് കൂടുതലായി എത്തിക്കാം.

വി.പി. നന്ദകുമാർ
MD & CEO മണപ്പുറം ഫിനാൻസ് ലിമിറ്റഡ്

 

 

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.