ഗ്രന്ഥകാരനും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന ഡോ. ഡി. ബാബുപോള്‍ അന്തരിച്ചു. 78 വയസ്സായിരുന്നു. കരള്‍ വൃക്ക രോഗബാധയെത്തുടര്‍ന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടേകാലോടെയായിരുന്നു അന്ത്യം. പ്രമേഹം മൂലം കാലില്‍ ഉണ്ടായ മുറിവില്‍ നിന്നുള്ള അണുബാധ വൃക്കകളെയും കരളിനേയും ബാധിച്ചതാണ് മരണകാരണം.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തില്‍ പി എ പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21-ാം വയസ്സിൽ സിവിൽ എൻജിനീയറിംഗ് പാസായ അദ്ദേഹം കോളജ് അധ്യാപകനായി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്. 59 -മത്തെ വയസ്സിലായിരുന്നു അദ്ദേഹം സ്വയം വിരമിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് ഓംബുഡ്സ്മാന്‍ സ്ഥാനം സ്വീകരിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ ഓംബുഡ്സ്മാന്‍ അംഗം, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍, കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ തുടങ്ങി നിരവധി നിര്‍ണായക പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. നിരവധി പത്രങ്ങളിലും ആനുകാലികങ്ങളിലും പംക്തികള്‍ എഴുതിയിട്ടുണ്ട് അദ്ദേഹം.

ഇടുക്കി കലക്ടര്‍ പദവിയിലിരുന്നപ്പോളാണ് കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതിയും ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്‌ ഡാമുമായ ഇടുക്കി ജല വൈദ്യുത പദ്ധതി പൂര്‍ത്തിയാക്കിയത്. ഇതാണ് അദ്ദേഹത്തിൻറെ ഏറ്റവും വലിയ ഭരണനേട്ടങ്ങളിലൊന്ന്. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനല്‍ പദ്ധതിക്ക് തുടക്കം കുറിച്ചതും അദ്ദേഹമാണ്.

ആറു ലക്ഷം വാക്കുകള്‍ ഉള്‍പ്പെടുത്തി 22 ലക്ഷത്തോളം വര്‍ഷം ഗവേഷണം ചെയ്ത് തയാറാക്കിയ വേദശബ്ദ രത്നാകാരം മലയാളത്തിലെ ആദ്യ ബൈബിള്‍ നിഘണ്ടുവിന്റെ രചയിതാവും അദ്ദേഹമാണ്. മുപ്പതോളം പുസ്തകങ്ങള്‍ അദ്ദേഹം എഴുതി. 2000ല്‍ കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

ഭാര്യ -പരേതയായ നിര്‍മലാ പോള്‍. മക്കള്‍-ചെറിയാന്‍ സി. പോള്‍ (ബെംഗളുരു), മറിയം സി.പോള്‍. മരുമക്കള്‍: സതീഷ് (ബിസിനസ്, എറണാകുളം), ദീപ. സംസ്കാരം നാളെ വൈകിട്ട് നാലിന് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രലില്‍ നടക്കും.

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.