ജിഎസ്ടി നടപ്പായപ്പോള്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച നേട്ടമുണ്ടായില്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കിഫ്ബിയിലൂെട മാന്ദ്യം അതിജീവിക്കും. എല്ലാ ക്ഷേമപെന്‍ഷനുകളും ഇത്തവണത്തെ ബഡ്ജറ്റിൽ കൂട്ടി. ഗ്രാമീണ റോഡുകള്‍ക്ക് 1000 കോടി. പൊതുമരാമത്ത് പ്രവൃത്തികള്‍ക്ക് 1102 കോടി രൂപ, രണ്ടരലക്ഷം പുതിയ കുടിവെള്ള കണക്ഷനുകള്‍ നല്‍കും, 500 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പാദിപ്പിക്കും, ഒരുലക്ഷം ഫ്ലാറ്റുകള്‍, 10 ബൈപാസുകള്‍, 20 ഫ്ലൈ ഓവറുകള്‍, 74 പാലങ്ങള്‍, ട്രാന്‍സ്ഗ്രിഡ് 2 പദ്ധതി.

അതിവേഗ ഗ്രീന്‍ഫീല്‍ഡ് റയില്‍വേ ഭൂമി ഏറ്റെടുക്കല്‍ ഈവര്‍ഷം തുടങ്ങും. 1450 രൂപയ്ക്ക് നാലുമണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം–കാസര്‍കോട് യാത്ര. മൂന്നുവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. മെട്രോ വിപുലീകരണവും ബജറ്റില്‍ പ്രഖ്യാപിച്ചു. മെട്രോ പേട്ട–തൃപ്പൂണിത്തുറ, സ്റ്റേഡിയം– ഇന്‍ഫോപാര്‍ക് പാതകള്‍ ഈ വര്‍ഷം തന്നെ. 3025 കോടി രൂപ ചെലവ്, 682 കോടി ചെലവില്‍ 77 കിലോമീറ്റര്‍ ജലപാതയും പ്രഖ്യാപിച്ചു. കൊച്ചിയില്‍ 6000 കോടിയുടെ പദ്ധതികള്‍, ഗതാഗതവികസനത്തിന് 239 കോടി. ക്ഷേത്രപുനരുദ്ധാരണത്തിന് 5 കോടി. ‘തത്വമസി’ ഹെറിറ്റേജ് ടൂറിസം പദ്ധതി നടപ്പാക്കും.

വിദ്യാഭ്യാസത്തിന് 19130 കോടി∙ വിദ്യാഭ്യാസമേഖലയുടെ നവീകരണം ഊര്‍ജിതമാക്കും. സ്കൂള്‍ യൂണിഫോം അലവന്‍സ് 600 രൂപയാക്കി. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക്‌ 493 കോടിരൂപ ബജറ്റില്‍ വകയിരുത്തും. കോളേജ് കെട്ടിടങ്ങളുടെ നിര്‍മാണത്തിന് 142 കോടി വകയിരുത്തും. എല്ലാ സര്‍ക്കാര്‍ കോളേജുകളിലെയും ലാബോറട്ടറികള്‍ നവീകരിക്കും. മാര്‍ച്ച്‌ മാസത്തോടെ കോളജുകളില്‍ 1000ത്തോളം അധ്യാപക തസ്തികകള്‍ തുടങ്ങും. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 60 പുതിയകോഴ്സുകള്‍ അനുവദിക്കും

സാന്ത്വനപരിചരണത്തിന് 10 കോടി . ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം 500 രൂപ വര്‍ധിപ്പിച്ചു. ഇടുക്കി പാക്കേജിന് 100 കോടി, കാസര്‍കോട് പാക്കേജിന് 90 കോടിയും വകയിരുത്തി. തോട്ടം തൊഴിലാളികളുടെ പുനരപുനരധിവാസം ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തും.

തസ്തിക സൃഷ്ടിക്കലിന് നിയന്ത്രണം ഏര്‍പ്പെടുത്തും. എയ്ഡഡ് സ്കൂളുകളില്‍ അധികതസ്തിക സൃഷ്ടിക്കുന്നതിന് നിയന്ത്രണം. ക്ഷേമ സേവന പ്രവര്‍ത്തനങ്ങളില്‍ അനര്‍ഹരെ ഒഴിവാക്കും. ഇതിലൂടെ 700 കോടിയുടെ ചെലവ് കുറയും. ചെക്പോസ്റ്റുകളിലെ അധിക ജീവനക്കാരെ തദ്ദേശവകുപ്പിലേക്ക് മാറ്റും. ഇനി സര്‍ക്കാര്‍ കാറുകള്‍ വാങ്ങില്ല, വാടകയ്ക്കെടുക്കും. ഭൂമിയുടെ ന്യായവില 10% കൂട്ടി; പോക്ക്‌വരവ് ഫീസും വര്‍ധിപ്പിച്ചു.

ബജറ്റിന്റെ 18.08 ശതമാനവും വനിതകളുടെ ക്ഷേമത്തിന്. കുടുംബശ്രീക്ക് വേണ്ടി ബജറ്റില്‍ വിപുലമായ പദ്ധതി പ്രഖ്യാപനങ്ങള്‍; 25 രൂപക്ക് ഊണ് ലഭ്യമാക്കാന്‍ നടപടിയെടുക്കും; വിശപ്പ് രഹിത പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്താകെ 1000 ഹോട്ടലുകള്‍ തുടങ്ങുമെന്നും ധനമന്ത്രി. കൂടാതെ4 ശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ ലഭ്യമാക്കും, കൂടാതെ എല്ലാ നഗരത്തിലും ഷീ ലോഡ്ജിങ് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത്​ നെല്‍കൃഷിക്കായി​ 118 കോടി രൂപ വകയിരുത്തി.കോള്‍ കൃഷിക്കും പൊക്കാളി കൃഷിക്കും പ്രത്യേകപദ്ധതികള്‍ കൊണ്ടുവരും. കേരളത്തില്‍ രണ്ട്​ റൈസ് പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും. നാളികേര വികസനത്തിന്​ കേരം തിങ്ങും കേരളനാട്​ പദ്ധതി കൊണ്ടുവരും. ഇതിൻ്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും 75 തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്യും. കൂടാതെ കശുവണ്ടി മേഖലയുടെ വികസനത്തിന് 135 കോടി രൂപ വകയിരുത്തും.

പോക്കുവരവിനുള്ള ഫീസ് കൂട്ടിയതായി ധനമന്ത്രി. വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്. വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസ്. കെ എം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ അഞ്ചുകോടി രൂപ മാറ്റിവച്ചതായി ധനമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചു. കൂടാതെ ഉണ്ണായിവാര്യര്‍ സാംസ്‌കാരിക നിലയത്തിന് ഒരു കോടി രൂപയും മാറ്റിവെച്ചതായി അദ്ദേഹം പറഞ്ഞു.

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

 

 

Leave a Reply

Your email address will not be published.