തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചതെന്ന് സുപ്രീംകോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് പൊളിക്കാന്‍ തീരുമാനിച്ച കൊച്ചി മരടിലെ ഫ്ലാറ്റുകളില്‍ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചു. പൊളിക്കുന്നതിനായി അധികൃതർ ആദ്യം കൈമാറിയത് രണ്ട് ഫ്ലാറ്റുകളാണ്. അതിൽ ആൽഫ വെഞ്ചേഴ്‌സ് എന്ന ഫ്ലാറ്റ് പൊളിക്കുന്നതിന് മുൻപായി തൊഴിലാളികൾ അവിടെ പൂജ നടത്തി. ആൽഫ വെഞ്ചേഴ്‌സ് പൊളിക്കുന്നതിനായി കരാർ എടുത്തിരിക്കുന്നത് വിജയ സ്റ്റീൽ എന്ന കമ്പനിയാണ്. അതിലെ തൊഴിലാളികളാണ് പൊളിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ പൂജ നടത്തിയത്.

അതിനിടെ, നഗരസഭാ അടിയന്തര കൗണ്‍സിൽ യോഗം ചേരുകയാണ്. ഫ്ലാറ്റ് ഉടമകളുടെ അന്തിമ നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതിനുള്ള സമിതി യോഗവും ഇന്നുണ്ടാകും. മരടിലെ നാല് ഫ്ലാറ്റുകളും പൊളിക്കാന്‍ കമ്പനികള്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടത് രണ്ടര കോടി രൂപയാണ്. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക ജെയിന്‍ ഫ്ലാറ്റ് പൊളിക്കാനാണ്, 86 ലക്ഷം. കണക്കുകള്‍ ഇന്ന് ചേരുന്ന നഗരസഭ കൗണ്‍സിലില്‍ സബ് കളക്‌ടര്‍ അവതരിപ്പിക്കും.

ചട്ടം ലംഘിച്ച്‌ ഫ്ലാറ്റുകള്‍ നിര്‍മ്മിച്ച മൂന്ന് നിര്‍മ്മാതാക്കളെ ഇന്നലെ മൂന്നു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. കൂടാതെ ഇവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുകയും, സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തു. മരടില്‍ ചട്ടം ലംഘിച്ച ബില്‍ഡര്‍മാര്‍, പ്രമോട്ടര്‍മാര്‍, വ്യക്തികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരില്‍നിന്നു നഷ്ടപരിഹാരത്തുക ഈടാക്കണമെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. തുക ഫ്ലാറ്റ് ഉടമകള്‍ക്കു കൈമാറണമെന്നും ഉത്തരവുണ്ട്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.