കൊച്ചി: 2018-2019 സാമ്പത്തിക വര്‍ഷം മികച്ച പ്രകടനം കാഴ്ച വച്ച് മണപ്പുറം ഫിനാന്‍സ്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷം മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 36 ശതമാനം ഉയര്‍ന്ന് 919.87 കോടിയായി. ഗ്രൂപ്പിന്‍റെ മൊത്തത്തിലുള്ള അറ്റാദായമാണ് ഇത്. 2019 മാര്‍ച്ചിലവസാനിച്ച നാലാം പാദത്തില്‍ മണപ്പുറം ഗ്രൂപ്പിന്‍റെ അറ്റാദായം 255.59 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ കൈവരിച്ച 179.05 കോടിയേക്കാള്‍ 43 ശതമാനം വര്‍ധനവാണ് മണപ്പുറം നേടിയിരിക്കുന്നത്. 
ഈ സാമ്പത്തിക വര്‍ഷത്തെ കമ്പനിയുടെ മൊത്തം വരുമാനം 4116 കോടി രൂപയായി വര്‍ധിച്ചു. മുന്‍ വര്‍ഷത്തെ 3421 കോടിയേക്കാള്‍ 20.33 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. കമ്പനിയുടെ നാലാം പാദത്തിലെ മൊത്തം ലാഭം 380 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 276 കോടിയായിരുന്നു. മണപ്പുറം ഗ്രൂപ്പിന്‍റെ ആകെ ലാഭം ഈ സാമ്പത്തിക വര്‍ഷം 37.65 ശതമാനത്തിന്‍റെ കുതിപ്പോടെ 1427 കോടി രൂപയായി. കഴിഞ്ഞ വര്‍ഷമിത്  1037 കോടി രൂപയായിരുന്നു. 
 
കമ്പനിയുടെ രണ്ടുരൂപ മുഖവിലയുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്ക് നല്‍കാന്‍ തൃശൂര്‍ വലപ്പാട് ബുധനാഴ്ച്ച ചേര്‍ന്ന കമ്പനിയുടെ ഡയറക്റ്റര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഇതോടെ ഈ വര്‍ഷം മൊത്തം 2.20 രൂപ ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കി.
 
‘കമ്പനി ഈ വര്‍ഷം മുഴുവന്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന പാദത്തിലും മികച്ച നേട്ടം കൈവരിക്കാനായി. ഇതിലുപരി ഞങ്ങളുടെ പുതിയ ബിസിനസ് മേഖലകളില്‍ നിന്നുള്ള വരുമാനവും മൊത്തം ലാഭത്തില്‍ പ്രധാന പങ്കു വഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഈ കുതിപ്പ് അടുത്ത സാമ്പത്തിക വര്‍ഷത്തിലും ആവര്‍ത്തിക്കുമെന്ന ഉറച്ചു വിശ്വസമുണ്ട്,’കമ്പനി എം.ഡിയും, സി.ഇ.ഒയുമായ വി.പി. നന്ദകുമാര്‍ പറഞ്ഞു.
 
മണപ്പുറം ഗ്രൂപ്പിന്‍റെ ആകെ ആസ്തിയില്‍ 23.30 ശതമാനത്തിന്‍റെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേകാലയളവില്‍ ആകെ ആസ്തി 15,765 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷമത് 19,438 കോടി രൂപയായി ഉയര്‍ന്നു. സ്വര്‍ണ വായ്പ ഇനത്തിലും ഗ്രൂപ്പ് വന്‍ വളര്‍ച്ചയാണ് കരസ്ഥമാക്കിയത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 10.45 ശതമാനം വളര്‍ച്ച കൈവരിച്ച് 12,961.5 കോടിയിലെത്തി. സ്വര്‍ണവായ്പ ശേഖരം കഴിഞ്ഞ വര്‍ഷത്തെ 64 ടണ്ണില്‍ നിന്ന് ഉയര്‍ന്ന് 67.5 ടണ്ണായി 5.5 ശതമാനത്തിന്‍റെ വര്‍ധനവ് രേഖപ്പെടുത്തി.  2019 മാര്‍ച്ച് 31 പ്രകാരം 24 ലക്ഷം പേരാണ് കമ്പനിയില്‍ സജീവ സ്വര്‍ണ വായ്പ ഇടപാടുകാരായുള്ളത്. 
മണപ്പുറത്തിന്‍റെ സ്വര്‍ണ ഇതര വ്യാപാര മേഖലയിലെ കച്ചവടം 25.5 ശതമാനത്തില്‍ നിന്ന് 33.3 ശതമാനമായി ഉയര്‍ന്നു. ഈ കുതിപ്പില്‍ മുഖ്യപങ്ക് വഹിച്ചത് കമ്പനിയുടെ മൈക്രോ ഫിനാന്‍സ് ഉപകമ്പനിയായ ആശീര്‍വാദ് മൈക്രോഫിനാന്‍സ് ലിമിറ്റഡ് ആണ്. ആശീര്‍വാദിന്‍റെ മൊത്ത വരുമാനം 57.6 ശതമാനം ഉയര്‍ന്ന് 3841 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 2437 കോടിയായിരുന്നു. 
വാഹനവായ്പാ വിഭാഗത്തിന്‍റെ മൊത്തം ആസ്തി 78.2 ശതമാനം ഉയര്‍ന്ന് 1114.6 കോടിയിലെത്തി. ഭവനവായ്പ ഉപ കമ്പനിയുടെ വ്യാപാരം 375 കോടിയില്‍ നിന്ന് 519 കോടിയായി. 
 
2019 മാര്‍ച്ച് 31 പ്രകാരം കമ്പനിയുടെ മൊത്തം ആസ്തി 4,525 കോടി രൂപയാണ്. കമ്പനി ഓഹരിയുടെ ബുക്ക് വാല്യു 52.08 രൂപയും, ഓഹരി നിരക്ക് 11.3 രൂപയും, ഓഹരി സ്ഥിരതാ നിരക്ക് 23.97 രൂപയുമാണ്. 2019 മാര്‍ച്ച് 31 പ്രകാരം കമ്പനിയുടെ നിഷ്ക്രിയ ആസ്തി 0.32 ശതമാനവും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published.