ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ സഭയ്ക്കും സര്‍ക്കാരിനുമെതിരേ ശക്തമായ വിമര്‍ശനവുമായി കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരെ പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ നാളെ മാധ്യമങ്ങളെ കാണും. ഇരയായ കന്യാസ്ത്രീയെ പിന്തുണച്ച് നിരവധി കന്യാസ്ത്രീകള്‍ ഹൈക്കോടതി ജംഗ്ഷനില്‍ ധര്‍ണ നടത്തി.നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് കന്യാസ്ത്രീകള്‍ വിശദമാക്കി. സാധാരണക്കാരനായിരുന്നെങ്കില്‍ രണ്ടു ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്യുമായിരുന്ന പൊലീസ് ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് അലസ മനോഭാവം കാണിക്കുന്നതെന്ന് അറിയണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു .ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പണവും സ്വാധീനവും ഉള്ളതുകൊണ്ടാണോ പരാതി കിട്ടി 74 ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്തതെന്ന് കന്യാസ്ത്രീകള്‍ ഉപവാസ സമരത്തില്‍ ചോദിച്ചു. സഭയും സര്‍ക്കാരും സംഭവത്തില്‍ നീതി പുലര്‍ത്തിയില്ല. ഇനിയുള്ള പ്രതീക്ഷ കോടതി മാത്രമാണെന്നും കന്യാസ്ത്രീകള്‍ വ്യക്തമാക്കി. തങ്ങളുടെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ സഭ ഒന്നു ചെയ്തില്ല. നീതി വൈകുന്നത് കൊണ്ടാണ് നിരത്തില്‍ പ്രതിഷേധവുമായി ഇറങ്ങേണ്ടി വന്നതെന്നും കന്യാസ്ത്രീ പറഞ്ഞു.

Photo Courtesy : Google/ images are subject to copyright   

Leave a Reply

Your email address will not be published.