ഉദ്ധവ് താക്കറേ സര്‍ക്കാര്‍ മഹാരാഷ്ട്രയില്‍ വിശ്വാസവോട്ട് നേടി. വിശ്വാസ വോട്ടെടുപ്പില്‍ 169 എം.എല്‍.എമാരാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചത്. സുപ്രീംകോടതി നിര്‍ദേശപ്രകാരം തലയെണ്ണിയായിരുന്നു വോട്ടെടുപ്പ്.

എന്‍.സി.പിയില്‍നിന്നുള്ള ദിലീപ് പാട്ടീലാണ് പ്രോടേം സ്പീക്കറായി വിശ്വാസ വോട്ടെടുപ്പിനുള്ള സഭാ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത്. വിശ്വസപ്രമേയം അവതരിപ്പിച്ചത് കോണ്‍ഗ്രസിലെ അശോക് ചവാനായിരുന്നു. സഭാ നടപടിക്രമങ്ങള്‍ക്കിടെ സഭയില്‍ പ്രതിപക്ഷം ബഹളം വച്ചു. ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു.

288 അംഗനിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. എന്നാൽ 169 എംഎൽഎമാരാണ് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ പിന്തുണച്ചത്. എ.ഐ.എം.ഐ.എമ്മും സി.പി.എമ്മും എം.എന്‍.എസും വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല.

മന്ത്രിമാരുടെ സത്യപ്രതിജ്ഞയില്‍ വ്യാപക ചട്ടലംഘനമെന്ന് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് സംസാരിക്കവേ ഫഡ്നാവിസ് ആരോപിച്ചു. പ്രോടേം സ്പീക്കറെ മാറ്റിയത് നിയമവിരുദ്ധമാണെന്നും ഫഡ്‌നാവിസ് പറഞ്ഞു. ഫഡ്നാവിസിൻ്റെ ആരോപണം സഭയില്‍ ബഹളത്തിന് ഇടയാക്കി. ബഹളത്തിന് ശേഷം ബിജെപി അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പ് ബഹിഷ്കരിച്ചു സഭയിൽ നിന്നും ഇറങ്ങിപോയി.

 

 

 

 

 

 

 

 

 

 

                                                                                                       

Photo Courtesy : Google/ images are subject to copyright   

 

Leave a Reply

Your email address will not be published.