പ്രധാന മന്ത്രി നരേന്ദ്ര മോദി സൈന്യത്തിൻറെ പേരിൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോൾ വോട്ടഭ്യർത്ഥന നടത്തിയ സംഭവം പ്രഥമദൃഷ്ട്യാ ചട്ടലംഘനമെന്ന് തിരഞ്ഞെടുപ്പ് ഓഫീസരുടെ റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസമാണ് ഈ സംഭവത്തിന് സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നത്. മോദിയുടെ പ്രസംഗം ചട്ടലംഘനമാണെന്ന് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരിലാണ് വോട്ടഭ്യർത്ഥന നടത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി വ്യോമാക്രമണം നടത്തിയ വ്യോമസേന പൈലറ്റുമാര്‍ക്കുള്ള ബഹുമതിയായി നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തണമെന്നായിരുന്നു മോദിയുടെ അഭ്യര്‍ഥന.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും. ഇതിന്റെ തുടർനടപടികൾ ഈ ആഴ്ച്ചതന്നെയുണ്ടാകുമെന്നാണ് റിപ്പോർട്ട്. എന്ത് നടപടിയെടുക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ആയിരിക്കും തീരുമാനിക്കുക.

പ്രസംഗം വിവാദമായതോടെ പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞടുപ്പ് കമ്മീഷനെ സമീപിച്ചു പരാതി നൽകിയതോടെയാണ്‌ സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. തുടർന്നാണ് പ്രസംഗം പരിശോധിച്ചു പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറിനു റിപ്പോർട്ട് നൽകിയത്.

 

 

 

 

 

 

 

 

Photo Courtesy : Google/ images are subject to copyright   

 

 

 

Leave a Reply

Your email address will not be published.